
ഭർത്താവിൽ നിന്ന് ഒരു സ്ത്രീ എന്തൊക്കെയാണ് ആഗ്രഹിക്കുന്നത്? ചോദ്യത്തിന് പല ഉത്തരങ്ങൾ ഉണ്ടാകാം. കാരണം ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊക്കെ ഓരോ വ്യക്തികളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും തന്റെ പാതിയിൽ നിന്ന് സ്‌നേഹവും കരുതലും ആഗ്രഹിക്കാത്തവരായി ആരാണുള്ളത്?
അത്തരത്തിൽ ട്രെയിൻ യാത്രയ്‌ക്കിടയിലുള്ള ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദിലീപ് സോളങ്കി എന്നയാളാണ് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മദ്ധ്യവയസ്‌കരായ ദമ്പതികളാണ് വീഡിയോയിലുള്ളത്.
ട്രെയിനിൽ അഭിമുഖമായിട്ടാണ് ദമ്പതികൾ ഇരിക്കുന്നത്. ഇതിനിടയിൽ ഭാര്യ തന്റെ കാൽപാദം ഭർത്താവിന്റെ സീറ്റിലേക്ക് നീട്ടിവച്ചിരിക്കുകയാണ്. ഭർത്താവാകട്ടെ പ്രിയതമയുടെ കാലിൽ വളരെ സ്‌നേഹത്തോടെ നെയിൽപോളിഷ് ഇടുന്നതാണ് വീഡിയോയിലുള്ളത്. ദമ്പതികളാരാണെന്നോ വീഡിയോ പകർത്തിയത് ആരാണെന്നോ വ്യക്തമല്ല.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 'ഇങ്ങനെയൊരു ഭർത്താവിനെയാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്', 'ഇങ്ങനെയൊരു ഭർത്താവിനെ ആഗ്രഹിക്കാത്ത ഏത് പെണ്ണാണ് ഉള്ളത്' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.