
അശ്വതി : ചിരകാലാഭിലാഷം പൂവണിയും. സന്താനങ്ങൾ മത്സര പരീക്ഷകളിലും അഭിമുഖ പരീക്ഷകളിലും വിജയം കൈവരിക്കും.
ഭരണി : സന്താനങ്ങളുടെ അഭ്യുന്നതിക്ക് വേണ്ടി അശ്രാന്ത പരിശ്രമം ചെയ്യും. ക്ഷേത്രങ്ങൾ സന്ദർശിക്കും. ശത്രുഭയം മാറും.
കാർത്തിക : അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടും. കുടുംബത്തിൽ പ്രായംചെന്ന വ്യക്തികൾക്ക് രോഗം പിടിപെടാനിടയുണ്ട്. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
രോഹിണി : വിലപ്പെട്ട സാമഗ്രികൾ യാത്രാവേളയിൽ നഷ്ടപ്പെടാനിടയുണ്ട്. ഇഷ്ടജന സഹവാസം, കൃഷിനാശം കലാമത്സര പരീക്ഷകളിൽ വിജയിക്കും.
മകയിരം :കുടുംബത്തിൽ വിവാഹം നിശ്ചയിക്കും. കച്ചവടത്തിൽ നല്ല ലാഭം പ്രതീക്ഷിക്കാം. ദിനചര്യയിൽ കാര്യമായ വ്യതിയാനമുണ്ടാകും.
തിരുവാതിര : പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആദരവും പുരസ്കാരവും പ്രശസ്ത വ്യക്തികളിൽ നിന്ന് വാങ്ങാനിടയുണ്ട്. വിദേശ നിർമ്മിത വസ്തുക്കൾ ലഭിക്കും.
പുണർതം : വഴിപാടുകൾക്കും ഒൗഷധങ്ങൾക്കും നല്ല തുക ചെലവഴിക്കും. വിരുന്ന് സത്കാരങ്ങളിൽ പങ്കെടുക്കും.
പൂയം : രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയനായി പ്രവർത്തിക്കേണ്ടിവരും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് വെറുതേ ചിന്തിച്ച് വിഷമിക്കും.
ആയില്യം : വ്രതാനുഷ്ഠാനം, സത്സംഗം, ഗുരുജനപ്രീതി, വിശ്വാസ വഞ്ചനയ്ക്ക് പാത്രമാകൽ, വസ്തുവാഹന ലാഭം, ലഹരി പദാർത്ഥങ്ങളോട് വിരക്തി.
മകം: അയൽക്കാരിൽ നിന്നും അസൂയക്കാരിൽ നിന്നും ശല്യമുണ്ടാകും. ഏറ്റെടുത്ത ദൗത്യം കൃത്യസമയത്ത് ചെയ്തുതീർക്കും. നിശ്ചയിച്ച വിവാഹം നീട്ടിവയ്ക്കും.
പൂരം: അന്യരുടെ വാക്കുകേട്ട് അബദ്ധത്തിൽ ചെന്നുചാടും. മേലധികാരികളിൽ നിന്ന് നീരസം. പരസ്യങ്ങളിൽ വിശ്വസിച്ച് ധനനഷ്ടം, സമയനഷ്ടം.
ഉത്രം: രോഗനിർണയാവശ്യങ്ങൾക്കും പ്രസവാവശ്യങ്ങൾക്കുമായി ആശുപത്രിവാസം. സന്താനങ്ങൾക്ക് പുതിയ തൊഴിൽ ലഭിക്കും.
അത്തം: രാഷ്ട്രീയപരമായി ഔന്നത്യം. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനവസരം ലഭിക്കുകയും അതിൽ ശോഭിക്കുകയും ചെയ്യും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും.
ചിത്തിര: വളരെക്കാലമായി തീർപ്പ് കല്പിക്കാതിരുന്ന വ്യവഹാരത്തിൽ അനുകൂല വിധി ലഭിക്കും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ദേവാലയ കാര്യങ്ങൾക്കുമായി നല്ല തുക സംഭാവന നൽകും.
ചോതി: അഗ്നി, ആയുധം, വാതകം, വാഹനം, രാസപദാർത്ഥങ്ങൾ, യന്ത്രങ്ങൾ, വൈദ്യുതി, മൃഗങ്ങൾ എന്നിവയെ കൈകാര്യം ചെയ്യുമ്പോൾ അപകടം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിശാഖം: സ്വന്തം ഭൂമി നല്ല വിലയ്ക്ക് വിൽക്കും. തൊഴിൽ മേഖലയിൽ ശത്രുക്കളെ സർവശക്തിയുമുപയോഗിച്ച് നേരിടും. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവമുണ്ടാകും. മതപരമായ ചടങ്ങുകളിൽ സംബന്ധിക്കും.
അനിഴം: വളരെക്കാലമായി വിദഗ്ദ്ധ ചികിത്സകൾ ചെയ്തിട്ടും പലവിധ വഴിപാടുകൾ നടത്തിയിട്ടും സന്താനസൗഭാഗ്യം കൈവരാത്ത ദമ്പതികൾക്ക് സന്താനോത്പാദന ലക്ഷണം അനുഭവപ്പെടും. ഉന്നത വ്യക്തികളെ പരിചയപ്പെടും. നേട്ടങ്ങൾ കൊയ്യും.
തൃക്കേട്ട: കലാസാഹിത്യപ്രവർത്തകർക്ക് ബഹുമാനവും വരുമാനവും അഭിമാനവും വർദ്ധിക്കും. സൽപ്പേര് നിലനിറുത്താൻ കഠിനപ്രയത്നം ചെയ്യും. ഭാഗ്യക്കുറി ലഭിക്കുകയോ ചിട്ടിവീണുകിട്ടുകയോ ചെയ്യും. കർമ്മരംഗത്ത് കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കും.
മൂലം: അകന്ന ബന്ധത്തിൽ പെട്ടവരുടെ ദേഹവിയോഗത്തിന് സാദ്ധ്യതയുണ്ട്. വഞ്ചനയ്ക്ക് പാത്രമാകാനിടയുള്ളതിനാൽ അപരിചിതരെ അകറ്റിനിറുത്തുന്നത് നന്നായിരിക്കും. സാഹസികപ്രവർത്തനങ്ങളിലേർപ്പെടും.
പൂരാടം: വസ്തുക്കൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവയ്ക്കും. വളരെക്കാലമായി കാണാനാഗ്രഹിച്ചിരുന്നവരെ യാദൃച്ഛികമായി കണ്ടുമുട്ടും.
ഉത്രാടം: രോഗവിമുക്തി. ആദ്ധ്യാത്മിക പരിപാടികളിലും ആഘോഷ പരിപാടികളിലും സംബന്ധിക്കും. മേലധികാരികളുടെ വിശ്വാസം ആർജ്ജിക്കുകയും അംഗീകാരവും പ്രോത്സാഹനവും ലഭിക്കുകയും ചെയ്യും.
തിരുവോണം: ഭരണരംഗത്തുള്ളവർക്ക് വിദേശയാത്രയ്ക്കും അംഗീകാരങ്ങൾക്കും സാദ്ധ്യതയുണ്ട്. നികുതി കാര്യങ്ങളെ ചൊല്ലി ചില പ്രശ്നങ്ങൾ ഉടലെടുക്കും.
അവിട്ടം: ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറും. പ്രഗത്ഭരുടെ സംഗീത പരിപാടികൾ നേരിൽ കണ്ടാസ്വദിക്കും. നിദ്രാഭംഗം, സാഹസിക പ്രവർത്തനം എന്നിവയ്ക്ക് സാദ്ധ്യത.
ചതയം: അന്യരുടെ കുറ്റവും കള്ളത്തരവും കണ്ടുപിടിക്കാൻ കഴിയും. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം. എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനില്ക്കുകവഴി ശത്രുക്കളുടെ എതിർപ്പുകൾ ഉണ്ടാകുമെങ്കിലും ഭാവിയിൽ തീരുമാനം ഗുണം ചെയ്യും.
പൂരുരുട്ടാതി: മൃഷ്ടാന്നഭോജനം, ലഹരിപദാർത്ഥങ്ങളോട് അമിത താത്പര്യം, പന്തുകളി, ചീട്ടുകളി, ചൂതുകളി മുതലായവയിൽ പങ്കെടുക്കൽ, മുടങ്ങിക്കിടക്കുന്ന ക്ഷേത്രകാര്യങ്ങൾ പുനരുജ്ജീവിപ്പിക്കൽ, സൗഹൃദം പുതുക്കൽ.
ഉത്രട്ടാതി: അനാവശ്യമായി മറ്റുളളവരുടെ കാര്യങ്ങളിൽ ഇടപെടുകയും അത് കുടുംബ ബന്ധങ്ങൾക്ക് തന്നെ ദോഷമായി കലാശിക്കുകയും ചെയ്യം.
രേവതി: മംഗളകാര്യങ്ങൾക്ക് നേതൃത്വം, പല പ്രകാരത്തിലും സുഖാനുഭവങ്ങൾ, രാഷ്ട്രീയ പ്രവർത്തനവും മാദ്ധ്യമപ്രവർത്തനവും നന്നായി പരിപാലിക്കൽ, സദ്യയിൽ പങ്കെടുക്കൽ എന്നിവയ്ക്ക് ലക്ഷണം.