
ലോകത്തിലെ ഏറ്റവും പൈശാചിക സ്വഭാവമുള്ള പാവ. അങ്ങനെയൊരു പാവയുണ്ടോ എന്ന് സംശയിച്ച് നെറ്റി ചുളിക്കാൻ വരട്ടെ. അങ്ങനെയൊരു പാവയുണ്ട് എന്നുതന്നെയാണ് ഉത്തരം. റോബർട്ട് എന്നാണ് അടിമുടി ദുരൂഹതകൾ നിറഞ്ഞ അവന്റെ പേര്. പലരുടെയും വിവാഹമോചനത്തിൽ തുടങ്ങി അപകടമരണങ്ങൾക്കു വരെ കാരണമായി റോബർട്ട് തീർന്നിട്ടുണ്ടെന്നാണ് വിശ്വാസം.
1905ൽ റോബർട്ട് യൂജിൻ ഓട്ടോ എന്നയാൾക്ക് തന്റെ ജോലിക്കാരി 'സമ്മാനിച്ചതാണ്' ഈ പാവയെ. ജീവനേക്കാൾ പ്രിയങ്കരമായി ആ പാവയെ യൂജിൻ സ്നേഹിച്ചു. സ്നേഹസൂചകമായി തന്റെ പേര് തന്നെ അവന് നൽകി. വീട്ടിലെ ഒരു അംഗത്തെ പോലെ റോബർട്ടിനെ യൂജിൻ കണ്ടു. മനുഷ്യനായിരുന്നെങ്കിൽ എന്തെല്ലാം വേണമായിരുന്നോ അതെല്ലാം വാങ്ങി നൽകി. എന്തിനേറെ പറയുന്നു; പുതിയ വീട് വരെ പ്രിയപ്പെട്ട പാവയ‌്ക്കായി വാങ്ങി നൽകിയവയിൽ ഉണ്ടായിരുന്നു. പോകുന്നിടത്തെല്ലാം റോബർട്ടിനെ കൂട്ടി.
അങ്ങനെയിരിക്കെയാണ് അസ്വാഭാവികമായ ചില കാര്യങ്ങൾ യൂജിന്റെ വീട്ടിൽ നടക്കുന്നതായി അയൽക്കാർ ശ്രദ്ധിച്ചത്. യൂജിന്റെ വീടിന് മുന്നിൽ കൂടി നടന്നുപോയ അവരിൽ ചിലർ കണ്ടത് വിശ്വസിക്കാൻ കഴിയാത്ത കാഴ്‌ചകളായിരുന്നു. റോബർട്ടിനെ വച്ചിരുന്ന സ്ഥലത്തു നിന്നും ചില സമയങ്ങളിൽ അവൻ മറ്റൊരു സ്ഥലത്തേക്ക് നീങ്ങുന്നതായി അയൽക്കാരിൽ ചിലർ കണ്ടു. പക്ഷേ അവരുടെ വാക്കുകൾ യൂജിൻ വിശ്വസിച്ചില്ല. അങ്ങനിരിക്കെയായിരുന്നു യൂജിന്റെ വിവാഹം. യൂജിന്റെ ഭാര്യയ്‌ക്ക് റോബർട്ടിനെ ഇഷ്‌ടപ്പെടാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല.
വർഷങ്ങൾക്കിപ്പുറം യൂജിന്റെയും ഭാര്യയുടെയും മരണത്തിന് ശേഷം റോബർട്ടിനെ ഏറ്റെടുക്കാൻ ഒരു യുവതി എത്തി. മൈർട്ടിൽ റോയിട്ടർ എന്നായിരുന്നു അവരുടെ പേര്. അവരോടും പലരും പറഞ്ഞു റോബർട്ട് പിശാചാണെന്നും, ദുരൂഹതയുണ്ടെന്നുമൊക്കെ. പക്ഷേ വിശ്വസിക്കാൻ അവരും തയ്യാറായില്ല. തുടർന്നുള്ള പല രാത്രികളിലും വീട്ടിൽ നിന്ന് അപശബ്ദങ്ങൾ കേട്ടതായി അയൽക്കാർ ഓർക്കുന്നു.
റോബർട്ടിന്റെ കഥ പശ്ചാത്തലമാക്കി ചില സിനിമകളും ഇറങ്ങിയിട്ടുണ്ട്. റോബർട്ട് ഇപ്പോൾ ഒരു മ്യൂസിയത്തിലാണ്. അവന്റെ എല്ലാമെല്ലാമായിരുന്ന യൂജിൻ ഓട്ടോയുടെ വീടിന് സമീപത്തുള്ള മ്യൂസിയത്തിൽ. ചില്ലു കൂടാരത്തിൽ ഒറ്റയ‌്ക്കല്ല റോബർട്ട്. പതിറ്റാണ്ടുകളായി കൂടെയുള്ള, യൂജിൻ വാങ്ങി നൽകിയ ടെഡി ബെയറും അവനൊപ്പമുണ്ട്.