
തിരുവനന്തപുരം: ഷാരോണിന് വിഷം നൽകിയ ശേഷം അന്വേഷണം വഴിതെറ്റിക്കുന്നതെങ്ങനെയെന്നും പിടിക്കപ്പെട്ടാൽ എങ്ങനെയൊക്കെ മൊഴി നൽകണമെന്നും ഗ്രീഷ്മ ഇന്റർനെറ്റിൽ തെരഞ്ഞിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പൊലീസിനോട് എന്ത് പറയണമെന്ന് ഗ്രീഷ്മ ബന്ധുക്കളെ പഠിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. ഷാരോൺ വീട്ടിലെടുത്തുന്നതിനു തൊട്ടുമുൻപ് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പുറത്തുപോയിരുന്നു. ഇതോടെ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഇരുവരും അധികം ദൂരേയ്ക്ക് പോയിരുന്നില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് കൊലയ്ക്കു പിന്നിലെ ആസൂത്രിത സ്വഭാവം പൊലീസ് ഉറപ്പിച്ചത്.
അതേസമയം, അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്. കൊലപ്പെടുത്തുന്നതിനായി വിഷം നൽകിയത് തമിഴ്നാട്ടിലായതിനാൽ തുടരന്വേഷണത്തിൽ നിയമപരമായ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. എന്നാൽ പരാതി ലഭിച്ചതും കേസ് രജിസ്റ്റർ ചെയ്തതും പാറശാല പൊലീസായിരുന്നു. കേസിൽ മൂന്ന് പ്രതികളെ കേരള പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തിൽ നിയമപ്രശ്നങ്ങളുണ്ടോ, കേസ് തമിഴ്നാട് പൊലീസിന് കൈമാറേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണസംഘം നിയമോപദേശം തേടിയത്. കേസിൽ തമിഴ്നാട് പൊലീസും കേരള പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.