thrikkunnathu-seminary-

തിരുവനന്തപുരം : തൃക്കുന്നത്ത് സെമിനാരിയെ ചൊല്ലി രണ്ട് ക്രിസ്തീയ സഭകൾ തമ്മിലുള്ള പോരാട്ടം കോടതിയിലും തെരുവിലും ഏറെ നാൾ തുടർന്നിരുന്നു. ഈ വിഷയത്തിൽ ഇടപെട്ടപ്പോൾ തനിക്കുണ്ടായ അനുഭവം ഓർത്തെടുക്കുകയാണ് റിട്ട. ഐ പി എസ് ഉദ്യോഗസ്ഥയായ ശ്രീലേഖ. 2005ൽ എറണാകുളം റേഞ്ച് ഡി ഐ ജിയായി ജോലി ചെയ്ത സമയത്ത് ആരാധനാലയം പിടിച്ചെടുക്കാൻ യാക്കോബായ വിഭാഗം നടത്തിയ ശ്രമങ്ങളെ കുറിച്ചാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ വെളിപ്പെടുത്തുന്നത്.

പൊടുന്നനെ ഒരു ദിവസം പള്ളിക്കുള്ളിൽ പ്രവേശിച്ച യാക്കോബായ വിഭാഗക്കാരെ പിരിച്ചു വിടാൻ പൊലീസ് ബലം പ്രയോഗിക്കേണ്ടി വന്ന അനുഭവമാണ് ശ്രീലേഖ വിവരിക്കുന്നത്. പള്ളി വളപ്പിൽ നിന്നും പൊലീസിന് നേരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. അവർ ഒഴിഞ്ഞ ബിയർക്കുപ്പികളും, മദ്യക്കുപ്പികളും പുറത്തേക്ക് വലിച്ചെറിഞ്ഞു.

യാക്കോബായ വിഭാഗത്തെ കുറിച്ച് തനിക്ക് ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിനെ കുറിച്ചും ശ്രീലേഖ വെളിപ്പെടുത്തുന്നുണ്ട്. എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കാമോ അതൊക്കെ ഉണ്ടാക്കി, വാർത്താ പ്രാധാന്യം നേടി അവകാശങ്ങൾ നേടിയെടുക്കുന്ന രീതിയാണ് യാക്കോബായ വിഭാഗം സ്വീകരിക്കുന്നതെന്നായിരുന്നു അത്. ഈ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വിമർശനങ്ങൾ ഉയരുന്നുണ്ട്. താൻ പറയുന്ന കാര്യങ്ങൾ ചിലർക്കെങ്കിലും ബുദ്ധിമുട്ടോ വിഷമമോ ഉണ്ടാക്കും എന്ന മുൻവിധിയോടെയാണ് ശ്രീലേഖ തൃക്കുന്നത്ത് സെമിനാരിയിലെ തന്റെ സർവീസ് അനുഭവം പങ്കുവയ്ക്കുന്നത്.