vd-satheesan

കൊച്ചി: സർക്കാർ സർവീസിലും പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിന്റെ തുടക്കമായാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർദ്ധിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുമ്പോൾ, പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണ്. പെൻഷൻ പ്രായം വർദ്ധനയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന സി.പി.എമ്മും എൽ.ഡി.എഫിലെ ഘടകകക്ഷികളും തുടർഭരണം കിട്ടിയപ്പോൾ വഞ്ചനാപരമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾക്ക് എന്താണ് പറയാനുള്ളതെന്ന് വി.ഡി സതീശൻ ചോദിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെൻഷൻ പ്രായം 55 ൽ നിന്നും 56 ആക്കാൻ തീരുമാനിച്ചപ്പോൾ അതിനെതിരെ തെരുവിൽ സമരം നടത്തിയവരാണ് ഇപ്പോൾ ഒറ്റയടിക്ക് അറുപതാക്കിയിരിക്കുന്നത്. ചെറുപ്പക്കാരുടെ ഭാവിയിൽ കരിനിഴൽ വീഴ്‌ത്തുന്ന തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്താണെന്ന് സർക്കാർ വ്യക്തമാക്കണം. കേരളത്തിലെ ചെറുപ്പക്കാരെ നിരാശരാക്കുന്ന ഈ തീരുമാനത്തെ യു.ഡി.എഫ് ശക്തമായി എതിർക്കും. യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യു.ഡി.എഫ് യുവജനസംഘടനകൾ സർക്കാർ തീരുമാനത്തിനെതിരെ സമരരംഗത്തുണ്ടാകും.


സി.പി.എം അവരുടെ യുവജന വിദ്യാർത്ഥി സംഘടനകളിലെ അണികളെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ്. തൃശൂരിലെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഒരു പ്രിൻസിപ്പലിന്റെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് പൊലീസിന്റെ സാന്നിധ്യത്തിലാണ് ഭീഷണിപ്പെടുത്തിയത്. എസ്.ഐയുടെയും പൊലീസുകാരന്റെയും മുന്നിൽ ഭീഷണി മുഴക്കിയ നേതാവിനെതിരെ നടപടിയെടുക്കാൻ പൊലീസിന് കഴിയില്ലെങ്കിൽ പിണറായി വിജയൻ എന്തിനാണ് ആഭ്യന്തരമന്ത്രി കസേരയിൽ ഇരിക്കുന്നത്? കോഴിക്കോട് ഡി.വൈ.എഫ്.ഐ നേതാവ് വിമുക്തഭടന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചു. എറണാകുളത്ത് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി സെക്യൂരിറ്റി ജീവനക്കാരന്റെ കയ്യൊടിച്ചു. ഇപ്പോഴൊരാൾ മുട്ടുകാല് തല്ലിയൊടിക്കാൻ നടക്കുകയാണ്. ഇവരൊക്കെ എല്ല് സ്‌പെഷലിസ്റ്റുകളാണോ? അദ്ധ്യാപകർക്കും സാധാരണക്കാർക്കും മേൽ പാർട്ടി അണികൾ കുതിര കയറുമ്പോൾ നടപടി എടുക്കാതെ ആഭ്യന്ത്രമന്ത്രി സ്ഥാനത്ത് ഇരിക്കാൻ പിണറായി വിജയന് ലജ്ജയില്ലേയെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.


വിലക്കയറ്റം സംബന്ധിച്ചും മുഖ്യമന്ത്രി മൗനത്തിലാണ്. അരി വില വർദ്ധിച്ചാൽ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് പ്രതിപക്ഷം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അരി വില വർദ്ധിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് തീവിലയാണ്. സപ്ലൈകോയിൽ സാധനങ്ങൾ കിട്ടാനില്ല. പൊതുവിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. ജനങ്ങൾ ജീവിക്കാനാകാത്ത അവസ്ഥയാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെയാണ് കോൺഗ്രസും യു.ഡി.എഫും സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.