
കൊച്ചി: ഇലന്തൂരിലെ നരബലിക്കേസിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ കാണാതായ പത്മയെന്ന് സ്ഥിരീകരിച്ചു. ഇലന്തൂരിൽ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളിൽ ചിലതിന്റെ ഡി എൻ എ പരിശോധനഫലം ഇന്ന് പുറത്തുവന്നതോടെയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ പത്മയാണെന്ന് തിരിച്ചറിഞ്ഞത്. കണ്ടെടുത്ത എല്ലാ മൃതദേഹാവശിഷ്ടങ്ങളുടെയും ഡി എൻ എ പരിശോധന പൂർത്തിയാക്കിയിട്ടില്ല. ഡി എൻ എ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽക്കുകയുള്ളുയെന്ന് പൊലീസ് അറിച്ചു.
ഇലന്തൂരിലെ വീട്ടുവളപ്പിൽ പത്മയുടെ മൃതദേഹം പല കഷണങ്ങളാക്കി വെട്ടി നുറുക്കിയാണ് കുഴിച്ചിട്ടിരുന്നത്. അവിടെ നടത്തിയ പൊലീസ് പരിശോധനയിൽ കണ്ടെടുത്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് ഡി എൻ എ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇന്ന് വന്നത്.
തമിനാട് സ്വദേശി പത്മയുടെ മൃതദേഹം വിട്ടു നൽക്കണമെന്ന ആവശ്യമുന്നയിച്ച് മുൻപ് തന്നെ മകൻ സെൽവരാജ് രംഗത്ത് വന്നിരുന്നു. മൃതദേഹം വിട്ടുനൽകുന്നത് സംബന്ധിച്ച് പൊലീസിൽ നിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ലയെന്ന് സെൽവരാജ് പറയുന്നു. ഇതിനായി മുഖ്യമന്ത്രിക്ക് രണ്ട് തവണ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും പത്മയുടെ മകൻ പറഞ്ഞു.