hotel-room-

ഓൺലൈൻ വഴി ഹോട്ടൽ ബുക്കിംഗ് സ്വീകരിക്കുകയും ഹോട്ടലിലെത്തിയപ്പോൾ കൂടുതൽ തുക ആവശ്യപ്പെട്ട് സൗകര്യങ്ങൾ നിഷേധിക്കുകയും ചെയ്തതിന് ഹോട്ടൽ ഉടമയ്ക്ക് 15,000 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. ഓൺലൈൻ വെബ്‌സൈറ്റ് വഴി കണ്ണൂരിലെ ഹോട്ടലിൽ മുറി ബുക്ക് ചെയ്ത മലപ്പുറം മക്കരപറമ്പ് സ്വദേശി അരുണാണ് ഹോട്ടലിനെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2019 ഡിസംബർ 12 ലേക്കായി നവംബർ മാസത്തിലാണ് 637 രൂപ അടച്ച് അരുൺ മുറി ബുക്ക് ചെയ്തത്. ബുക്കിംഗ് പ്രകാരം സൗജന്യ ബ്രേക്ക് ഫാസ്റ്റും ഹോട്ടൽ ഉറപ്പുനൽകിയിരുന്നു.

ഡിസംബർ 12ന് രാത്രി ഹോട്ടലിലെത്തിയ അരുണിനോട് ബുക്ക് ചെയ്ത നിരക്കിൽ മുറി അനുവദിക്കാനാവില്ലെന്നും 1,300 രൂപ വാടകയായും 80 രൂപ ബ്രേക്ക് ഫാസ്റ്റിനായും നൽകിയാൽ മാത്രമേ മുറി അനുവദിക്കാനാവൂ എന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. തുടർന്ന് ഈ തുക പരാതിക്കാരൻ നൽകി. ഓൺലൈൻ വഴി ബുക്ക് ചെയ്ത സൗകര്യം നിഷേധിച്ചതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അരുൺ ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതിക്കാരന്റെ ആവശ്യം അനുവദിച്ചു കൊണ്ട് ഹോട്ടൽ ഉടമ ഈടാക്കിയ വാടകയും ബ്രേക്ക്ഫാസ്റ്റിന്റെ വിലയും ചേർന്ന 1,380 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവായി 5,000 രൂപയും പരാതിക്കാരന് നൽകാൻ വിധിയായി.

ഉത്തരവ് കൈപ്പറി ഒരുമാസത്തിനകം പണം നൽകാത്ത പക്ഷം ഹർജി തിയതി മുതൽ ഒമ്പത് ശതമാനം പലിശയും നൽകണമെന്ന് കെർ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവിൽ പറയുന്നു.