roshna-muhammad-dileef

ലോകത്തിൽ തന്നെ ഏറ്റവും നീളം കൂടിയ കാർട്ടൂൺ സ്‌ട്രിപ്പുണ്ടാക്കി സ്വന്തം ഗിന്നസ് റെക്കാർഡ് തിരുത്തി കുറിക്കാനൊരുങ്ങി മലയാളി പെൺകുട്ടി. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എം എ യൂസഫലിയുടെ ജീവിതകഥ 430 മീറ്റർ നീളമുള്ള പേപ്പർ സ്‌ട്രിപ്പിൽ കാർട്ടൂൺ രൂപത്തിൽ അവതരിപ്പിച്ചാണ് കോഴിക്കോട് മുക്കം കാരശേരി സ്വദേശിയായ റോഷ്‌ന മുഹമ്മദ് ദിലീഫ് റെക്കാർഡ് നേട്ടം സ്വന്തമാക്കാനൊരുങ്ങുന്നത്.

പേപ്പറിൽ സ്വന്തമായി വരച്ച ചിത്രങ്ങളും അക്ഷരങ്ങളും ഉപയോഗിച്ചാണ് റോഷ്‌ന ലോകത്തിലെ ഏറ്റവും നീളമുള്ള ഗ്രാഫിക് നോവൽ തയ്യാറാക്കിയത്. തന്റെ നോവൽ കണ്ട് യൂസഫലിയിൽ നിന്ന് ലഭിച്ച അഭിനന്ദനം റെക്കാർഡിനോളം വിലപ്പെട്ടതാണെന്ന് റോഷ്‌ന പറയുന്നു. 'യൂസഫലി ദി ബില്യൺ ഡോളർ ജേർണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രകഥ 845 പേപ്പർ ഷീറ്റുകളും 100 കാലിഗ്രാഫി പേനകളും ഉപയോഗിച്ചായിരുന്നു പൂർത്തിയാക്കിയത്. റോഷ്‌നയുടെ തന്നെ പേരിലുള്ള 404 മീറ്റർ ചിത്രകഥയുടെ റെക്കാർഡ് തിരുത്തിയാണ് പുതിയത് സ്വന്തം പേരിൽ എഴുതിച്ചേർക്കുന്നത്.

ചാത്തമംഗലം എം ഇ എസ് കോളേജിൽ നിന്ന് ഈ വർഷം റോഷ്‌ന ബിരുദപഠനം പൂർത്തിയാക്കിയിരുന്നു. തന്റെ അടുത്ത കൂട്ടുകാരുടെ സഹായത്താലാണ് എട്ടുമാസം കൊണ്ട് ചിത്രകഥ പൂർത്തിയാക്കാൻ സാധിച്ചതെന്ന് റോഷ്‌ന വെളിപ്പെടുത്തി. യൂസഫലിയുടെ ജീവിതം ഒരു തിരക്കഥയുടെ രൂപത്തിലാക്കുകയാണ് ആദ്യം ചെയ്തത്. സുഹൃത്തുക്കളായ സഫ അബ്ദുള്ള, ജന്ന, നജീബ് തുടങ്ങിയർ മൂന്ന് മാസം കൊണ്ടായിരുന്നു ഇത് തയ്യാറാക്കിയത്. പിന്നാലെ എൻ എസ് അനന്ദു, സി കെ ഗോകുൽ എന്ന രണ്ട് സുഹൃത്തുക്കൾ ചേർന്ന് തിരക്കഥ കൂടുതൽ മികച്ചതാക്കി. ശേഷം രണ്ടുമാസം കൊണ്ട് റോഷ്‌ന ചിത്രരചന പൂർത്തിയാക്കി. നവംബർ ഒന്ന് മുതൽ പതിമൂന്ന് വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ചിത്രകഥ പ്രദർശിപ്പിക്കും.

എട്ട് വർഷമായി കാരിക്കേച്ചർ മേഖലയിൽ തന്റെ കഴിവ് തെളിയിച്ചയാളാണ് റോഷ്‌ന. എല്ലാ പ്രായക്കാർക്കും ചിത്രരചന ക്ളാസുകളും ഓൺലൈനായി നടത്തുന്നു. റോഷ്‌നയുടെ പിതാവായ ദിലീഫും ഗിന്നസ് റെക്കോർഡിന് ഉടമയാണ്.