
കാബൂൾ: ഹിജാബ് ശരിയായി ധരിക്കാത്തതിന് ഇറാനിലെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. നൂറുകണക്കിന് ആളുകളാണ് ഇത് വരെ പോലീസിന്റെ ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസവും ഇറാനിലെ മഹാബാദിൽ നടന്ന വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ ഇത്തരം പ്രതിഷേധം മറ്റു രാജ്യങ്ങളിലേയ്ക്കു പടരുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്ത് വരുന്നത് അത്തരം ഒരു വാർത്തയാണ്. ബുർഖ ധരിക്കാത്ത വിദ്യാർത്ഥികൾക്ക് നേരെ താലിബാന്റെ ആക്രമണ നടത്തിയ വിവരങ്ങളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം ബുർഖ ധരിക്കാതെ അഫ്ഗാനിസ്ഥാനിലെ ബദാക്ഷൻ സർവകലാശാലയിൽ എത്തിയ വിദ്യാർത്ഥികളെ താലിബാൻ തടഞ്ഞു. ഇതേ തുടർന്ന് വിദ്യാർത്ഥികൾ സർവകലാശാലകളുടെ മുന്നിൽ പ്രതിഷേധിച്ചു. "സ്ത്രീകൾ,ജീവിതം,സ്വാതന്ത്ര്യം", "വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണ് " എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാറിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. വിദ്യാർത്ഥി പ്രതിഷേധത്തെതുടർന്ന് താലിബാൻ സെെനികൻ ഇവർക്കെതിരെ ചാട്ടവാർ വീശുന്ന വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. മുൻപ് ബദാക്ഷാൻ സർവകലാശാലയിൽ ബുർഖ ധരിക്കാത്തതിന്റെ പേരിൽ വിദ്യാത്ഥികൾക്ക് പ്രവേശനം വിലക്കിയിരുന്നു. അതിനുപിന്നാലെ കറുത്ത നിറമുള്ള വസ്ത്രമല്ലാതെ മറ്റൊരു വസ്ത്രവും ധരിക്കാൻ അനുവദിക്കില്ലെന്ന് സർവകലാശാല വ്യക്തമാക്കിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി വിദ്യാർത്ഥി പ്രതിഷേധം.
Female students attempt to enter their university in Badakhshan only to be whipped by a member of the Taliban who prevents them from entering. The women chant ‘education is our right’ & ‘woman, life, freedom’ which is also what protesters in Iran have been chanting #Afghanistan pic.twitter.com/Hn985M6U6m
— Yalda Hakim (@BBCYaldaHakim) October 30, 2022
വിദ്യാഥികളെ താലിബാൻ ആക്രമിച്ചെന്നും വിദ്യാർത്ഥികൾക്ക് മൂടുപടം നൽകാൻ താലിബാൻ പറഞ്ഞെന്നും സർവകലാശാല പ്രസിഡന്റ് നഖിബുള്ള ഗാസിസാദെ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ താലിബാൻ ഇത് നിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് അവിടെ എത്തി വിവരം തിരക്കാൻ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ അയക്കുകമാത്രമാണ് ചെയ്തതെന്ന് താലിബാൻ വക്താവ് അറിയിച്ചു.