
കോഴിക്കോട്: കണ്ണൂരിലെ വീട്ടിൽ നിന്ന് പിടി കൂടിയ അരക്കോടിയോളം രൂപ തിരികെ വേണമെന്ന മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ ഹർജിയിൽ വിധി പറയുന്നത് കോഴിക്കോട് വിജിലൻസ് കോടതി നവംബർ നാലിലേക്ക് മാറ്റി. തിരഞ്ഞെടുപ്പ് പണപ്പിരിവിൽ സംശയം പ്രകടിപ്പിച്ച കോടതി, പണം പിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയുണ്ടോയെന്ന് ഷാജിയുടെ അഭിഭാഷകനോട് ചോദിച്ചു.
ഷാജി ഹാജരാക്കിയ രസീതുകളിൽ കൂടുതലും 20,000 രൂപയുടേതാണ്. 10,000 രൂപ വരെ പിരിക്കാനല്ലേ അനുമതിയെന്ന് കോടതി ആരാഞ്ഞു. വലിയ തുകകളുടെ ഇടപാടുകൾ ബാങ്ക് വഴിയല്ലാതെ കെ.എം. ഷാജി നടത്തിയെന്ന് നേരത്തെ വിജിലൻസ് വാദിച്ചിരുന്നു. പണം തിരികെ നൽകരുതെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഷാജി ഹാജരാക്കിയ രസീതുകൾ വ്യാജമാണെന്നും പിടിച്ചെടുത്ത പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദന കേസിനെ വലിയരീതിയിൽ ബാധിക്കുമെന്നുമാണ് വിജിലൻസ് നിലപാട്. അതേ സമയം, വീട്ടിൽ നിന്നും പിടിച്ചെടുത്ത പണത്തിൽ 32 ലക്ഷം രൂപ തന്റേതാണെന്നും ബാക്കി തുക തിരഞ്ഞെടുപ്പ് ഫണ്ടാണെന്നുമാണ് ഷാജി പറയുന്നത്.