halwa

മിക്ക മാതാപിതാക്കളുടെയും ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാണ് ജങ്ക് ഫുഡ് പതിവായി കഴിച്ച് കുട്ടികളുടെ ആരോഗ്യം നശിക്കുമോയെന്നത്. ദിവസവും ബേക്കറികളിൽ നിന്നും മറ്റുമുള്ള സ്‌നാക്ക്‌സും മറ്റും കഴിക്കുന്നത് അമിതവണ്ണം, കൊളസ്‌ട്രോൾ, ഡയബറ്റീസ് തുടങ്ങിയവയ്ക്ക് കാരണമാവുന്നു. അതിനാൽ തന്നെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കുട്ടികൾക്ക് നൽകുന്നതാണ് എപ്പോഴും നല്ലത്. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഭക്ഷണപദാർത്ഥങ്ങളുടെ പാചകവിധി അറിഞ്ഞിരുന്നാൽ ജങ്ക് ഫുഡിന്റെ അമിതമായ ഉപയോഗം കുറയ്ക്കാനാവും.

മിക്കവാറും വീടുകളിൽ എപ്പോഴും കാണുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ഇതുപയോഗിച്ച് പലതരം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ബ്രെഡ് കൊണ്ട് ഉണ്ടാക്കുന്ന ഹൽവ കഴിച്ചിട്ടുണ്ടോ? ഒറിജിനൽ ഹൽവയേക്കാൾ രുചികരമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബ്രെഡ് ഹൽവയുടെ റെസിപ്പി എന്താണെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

നെയ്യ്: മൂന്ന് വലിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് നുറുക്കിയത്: 20 ഗ്രാം

അരിക് കളഞ്ഞ ബ്രെഡ് സ്ളൈസ്: 400 ഗ്രാം

പഞ്ചസാര: നൂറ് ഗ്രാം

വെള്ളം അരക്കപ്പ്

തയ്യാറാക്കുന്ന വിധം

പാനില്‍ ഒരു വലിയ സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ് ഗോള്‍ഡന്‍ നിറത്തില്‍ വറുത്തു കോരിവയ്ക്കുക. ബ്രെഡ് സ്ലൈസ് ഇരുവശവും ഗോള്‍ഡന്‍ നിറത്തില്‍ ആകുന്ന രീതിയിൽ ടോസ്റ്റ് ചെയ്തു വയ്ക്കണം . ഇതേ പാനില്‍ പഞ്ചസാര വെള്ളം ചേര്‍ത്തു ഉരുക്കിയെടുക്കണം. തിളച്ചു വരുമ്പോള്‍ ബ്രെഡ് ചെറിയ കഷണങ്ങളാക്കിയത് ചേർത്തുകൊടുക്കാം. കുറച്ച് സമയത്തേയ്ക്ക് കുതിര്‍ന്ന ശേഷം ഒരു തവികൊണ്ട് മെല്ലെ ഉടച്ച് ചെറുതീയില്‍ വയ്ക്കണം. ഇതിലേയ്ക്ക് നെയ്യ് ഓരോ സ്പൂണ്‍ വീതം ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കണം. പത്തു മിനിറ്റ് ഇളക്കിയതിന് ശേഷം അരികുകളില്‍ നെയ്യ് തെളിഞ്ഞു വരുമ്പോള്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ത്തു പെട്ടെന്ന് തന്നെ ഇളക്കി വാങ്ങാം. ബ്രെഡ് ഹൽവ തയ്യാർ.