
അഹമ്മദാബാദ്: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ മോർബി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രക്ഷാപ്രവർത്തനം തുടരുന്ന മച്ചു നദിക്ക് മുകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച മോർബി സിവിൽ ആശുപത്രിയിലും അദ്ദേഹം സന്ദർശനം നടത്തി. കൃത്യസമയത്ത് സഹായം നൽകിയതിന് പ്രധാനമന്ത്രിയോട് പട്ടേൽ നന്ദിയറിയിച്ചു.
135 പേരുടെ മരണത്തിനിടയാക്കിയ മോർബിപാലം അപകടത്തിൽ വൻ അഴിമതിയുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പാലം നിർമ്മാണത്തിൽ യാതൊരു പരിചയവുമില്ലാത്ത ഒരു വാച്ച് നിർമ്മാണ കമ്പനിയെ എന്തുകൊണ്ടാണ് പാലനിർമ്മാണം ഏൽപ്പിച്ചതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ചോദിച്ചു.
പാലം പൊട്ടിവീഴാൻ കാരണമായത് അനുവദനീയമായ എണ്ണത്തിൽ കൂടുതൽ പേർ കയറിയതിനാലെന്നാണ് ഫോറൻസിക് സംഘം പരിശോധനയ്ക്ക് ശേഷം അറിയിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പണിത പാലം പുതുക്കിപ്പണിയാനായി 7 മാസം അടിച്ചിട്ട ശേഷം 26 നാണ് തുറന്ന് കൊടുത്തത്. അപകടസമയത്ത് പാലത്തിൽ 500ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അജന്ത ക്ളോക്കിന്റെ അനുബന്ധ കമ്പനിയായ ഒറേവ ഗ്രൂപ്പാണ് മോർബി മുനിസിപ്പാലിറ്റിയുമായി പാലം പരിപാലിക്കാൻ 15 വർഷത്തെ കരാർ എടുത്തിട്ടുള്ളത്. ഇവർ മറ്റൊരു ചെറിയ നിർമ്മാണകമ്പനിക്ക് സബ് കോൺട്രാക്ട് നൽകുകയായിരുന്നു. അവർക്ക് വേണ്ടത്ര നിർമ്മാണപരിചയം ഇല്ലെന്നാണ് റിപ്പോർട്ട്. അതേസമയം, പാലം തുറന്ന് കൊടുക്കുന്ന കാര്യം ഒറേവ കമ്പനി തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും മോർബി മുനിസിപ്പൽ ചെയർമാൻ സന്ദീപ് സിംഗ് സല പറഞ്ഞു. ഇക്കാര്യത്തിൽ ഒറേവ കമ്പനി പ്രതികരിച്ചിട്ടില്ല.
Gujarat | Prime Minister Narendra Modi met the injured admitted to Morbi Civil Hospital.#MorbiBridgeCollapse led to the deaths of 135 people so far. pic.twitter.com/UaKF2XcbCP
— ANI (@ANI) November 1, 2022