england

ട്വന്റി-20 ലോകകപ്പ്: ഇംഗ്ലണ്ട് 20 റൺസിന് ന്യൂസിലൻഡിനെ വീഴ്ത്തി

ബ്രിസ്ബേൻ: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് എയിൽ ന്യൂസിലൻഡിനെ ആദ്യ തോൽവിയിലേക്ക് തള്ളിവിട്ട് 20 റൺസിന്റെ ജയം സ്വന്തമാക്കി ഇംഗ്ലണ്ട് സെമി പ്രതീക്ഷകൾ സജീവമാക്കി. ആദ്യം ബാറ്ര് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെന്ന മികച്ച ടോട്ടൽ കണ്ടെത്തി. മറുപടിക്കിറങ്ങിയ കിവീസിനായി 36 പന്തിൽ 62റൺസ് നേടി ഗ്ലെൻഫിലിപ്സ് പൊരുതിനോക്കിയെങ്കിലും 20 ഓവറിൽ 6 വിക്കറ്ര് നഷ്ടത്തിൽ 159ൽ അവരുടെ വെല്ലുവിളി അവസാനിച്ചു. ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലൻഡ് ഒന്നാമത് തുടരുകയാണ്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ക്യാപ്ടൻ ജോസ് ബട്ട്‌ലറും (47 പന്തിൽ73), അലക്സ് ഹെയ്ൽസും (40 പന്തിൽ 52) മികച്ച തുടക്കമാണ് നൽകിയത്. 62 പന്തിൽ ഇരുവരും 81 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഹെയ്ൽസിനെ സാന്റനറുടെ പന്തിൽ കോൺവെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് തകർന്നത്. ഒരു ഘട്ടത്തിൽ ഇരുന്നൂറ് കടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ കിവി ബൗളർ‌മാർ കൃത്യതയോടെ പന്തെറിഞ്ഞതോടെ ഇംഗ്ലണ്ടിനെ റണ്ണൊഴുക്ക് കുറയ്ക്കുകയായിരുന്നു. ബട്ട്‌ലറിനേയും ഹെയ്‌ൽസിനേയും കൂടാതെ ലിയാം ലിവിംഗ്സ്റ്റണ് (20) മാത്രമാണ് ഇംഗ്ലണ്ട് നിരിൽ രണ്ടക്കം കടക്കാനായുള്ളൂ. ന്യൂസിലൻഡിനായി ലോക്കി ഫെർഗുസൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന്റെ തുടക്കംമികച്ചതായിരുന്നില്ല. ഓപ്പണ‌ർമാരായ ഫിൻ അലനും (16), ഡെവോൺ കോൺവേയും (3) വലിയ ചെറുത്തു നിൽപ്പില്ലാതെ കീഴടങ്ങിയപ്പോൾ 5 ഓവറിൽ 28/2 എന്ന നിലയിൽ ആയിരുന്നു അവർ. തുടർന്ന് ക്യാപ്ടൻ കേൻ വില്യംസണെ (40) കൂട്ടുപിടിച്ച് അടിച്ച് തകർത്ത ഗ്ലെൻ ഫിലിപ്സ് ന്യൂസിലൻഡിന് വിജയ പ്രതീക്ഷ സമ്മാനിച്ചു. ആഞ്ഞടിച്ച ഫലിപ്സ് വില്യംസണൊപ്പം നാലാം വിക്കറ്റിൽ 59 പന്തിൽ 91 റൺസ് അടിച്ചു കൂട്ടി. വില്യംസണെ റഷീദിന്റെ കൈയിൽ എത്തി സ്റ്റോക്സാണ് കൂട്ടുകെട്ട് തകർത്തത്. 18-ാം ഓവറിൽ സാം കറൻ ഫിലിപ്സിനെ പുറത്താക്കിയതോടെ ന്യൂസിലൻഡിന്റെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. ഡെത്ത് ഓവറുകളിൽ മികച്ച പ്രകടനമാണ് ഇംഗ്ലീഷ് ബൗളർമാർ കാഴ്ചവച്ചത്. ക്രിസ് വോക്സ്, സാം കറൻ എന്നിവർ രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.