
മുംബയ്: സുരക്ഷാ ഭീഷണിയ്ക്ക് പിന്നാലെ ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു. വധഭീഷണി ചൂണ്ടിക്കാട്ടിയാണ് മുംബയ് പൊലീസ് താരത്തിന് 'വൈ പ്ളസ്' സുരക്ഷ ഒരുക്കുന്നത്. താരത്തെ ഇനി മുതൽ സായുധരായ രണ്ട് കമാൻഡോകൾ എല്ലാ സമയവും അനുഗമിക്കും. പഞ്ചാബി ഗായകൻ 'സിദ്ധു മൂസേവാല'യുടെ കൊലപാതകത്തിന് പിന്നാലെ മെയ് 29-നാണ് സൽമാൻ ഖാന് നേരെ വധഭീക്ഷണി ഉണ്ടായത്. ഇതിന് പിന്നാലെ സൽമാൻ ഖാന്റെ പിതാവ് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിരുന്നു.
സ്വയരക്ഷയ്ക്കായും കുടുംബത്തിന്റെ സംരക്ഷണത്തിനായും തോക്ക് ലൈസൻസ് വേണമെന്ന ആവശ്യവുമായി സൽമാൻ ഖാൻ കഴിഞ്ഞ മാസം അവസാനത്തോടെ മുംബയ് പൊലീസ് മേധാവിയെ സന്ദർശിച്ചിരുന്നു. ശാരീരിക പരിശോധനയ്ക്കും താരം ഹാജരായി.പഞ്ചാബ് ഗായകൻ സിദ്ദു മൂസെവാല കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം നടനും പിതാവിനും ഭീഷണിക്കത്ത് ലഭിച്ചിരുന്നു 1998ലെ കൃഷ്ണമൃഗ വേട്ടയാടൽ കേസുമായി ബന്ധപ്പെട്ട് 'ലോറൻസ് ബിഷ്ണോയി' എന്ന ഗുണ്ടാനേതാവാണ് സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയത്. കേസിൽ താരം പ്രതിയായിരുന്നു. സൽമാൻ ഖാനും പിതാവിനും മൂസെവാലയുടെ വിധി ഉണ്ടാകുമെന്നുമായിരുന്നു സൽമാൻ ഖാന്റെ പിതാവായ സലീം ഖാന് ലഭിച്ച കത്തിൽ വ്യക്തമാക്കിയിരുന്നത്. ഭീഷണികൾക്ക് പിന്നാലെ സൽമാൻ ഖാൻ യാത്ര ബുള്ളറ്റ് പ്രൂഫ് ലാൻഡ് ക്രൂസറിലാക്കിയിരുന്നു. ഓഗസ്റ്റിൽ താരത്തിന് തോക്ക് കൈവശം വെയ്ക്കാനുള്ള ലൈസൻസും അനുവദിച്ച് നൽകി.
2018ൽ കേസിന്റെ വിചാരണ നടക്കുന്നതിനിടയിലും സൽമാൻ വധഭീഷണി നേരിട്ടിരുന്നു. ബിഷ്ണോയിയുടെ സമുദായത്തിൽ കൃഷ്ണമൃഗത്തെ ആരാധിക്കുന്നു. ഇക്കാരണത്താലാണ് താരത്തിന് ഗുണ്ടാനേതാവിൽ നിന്ന് വധഭീഷണി നേരിട്ടത്. ഇതിനെ തുടർന്ന് താരത്തിന് പൊലീസ് എക്സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിൽ നിന്നും സുരക്ഷ വർധിപ്പിച്ചാണ് ഇപ്പോൾ വൈ പ്ളസ് കാറ്റഗറി സുരക്ഷ താരത്തിനായി മഹാരാഷ്ട്ര സർക്കാർ ഒരുക്കുന്നത്. സൽമാൻ ഖാനോടൊപ്പം അക്ഷയ് കുമാർ, അനുപം ഖേർ എന്നിവരുടെയും സുരക്ഷ സർക്കാർ വർധിപ്പിച്ചിട്ടുണ്ട്.
.