swami

ബംഗളൂരു: സന്യാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കർണാടകയിലെ രാമനഗരയിൽ കാഞ്ചുങ്കൽ ബണ്ടെയിലെ ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗയെയാണ് ദിവസങ്ങൾക്ക്മുൻപ് മഠത്തിനുള‌ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാമിയെ ഒരു പെൺകുട്ടി ഹണിട്രാപ്പിൽ പെടുത്തിയതാണെന്ന് മുറിയിൽ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പിൽ നിന്നും സൂചന ലഭിച്ചിരുന്നു. ഒക്‌ടോബർ 24നായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുപത്തിയൊന്നുകാരിയായ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയ്‌ക്കും മറ്റൊരു മഠത്തിലെ ഒരു സ്വാമിയ്‌ക്കും സംഭവത്തിൽ പങ്കുണ്ടെന്ന് തെളിവ് ലഭിച്ചു.

അന്വേഷണ സംഘം ഇരുവരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ബസവലിംഗ സ്വാമിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഈ ദൃശ്യങ്ങൾ കാട്ടി പെൺകുട്ടി ഭീഷണിപ്പെടുത്തിയെന്നും സ്വാമിയുടെ നഗ്ന ദൃശ്യങ്ങളടക്കം ഈ പെൺകുട്ടിയുടെ പക്കലുണ്ടായിരുന്നുവെന്നും കണ്ടെത്തി. വീഡിയോ കോളിലൂടെയാണ് പെൺകുട്ടി ഈ ദൃശ്യങ്ങൾ കൈക്കലാക്കിയത്. ബസവലിംഗയുമായി ശത്രുത പുലർത്തിയിരുന്ന കന്നൂർ മഠത്തിലെ മൃത്യുഞ്ജയ സ്വാമിയാണ് പെൺകുട്ടിയെ ഇതിന് അയച്ചത്. ഈ ദൃശ്യങ്ങളുടെ പേരിൽ വൻതുകയും ഇരുവരും ചേർന്ന് ബസവലിംഗയുടെ പക്കൽ നിന്നും വാങ്ങിയിരുന്നു.

ദിവസങ്ങൾക്ക് മുൻപ് സ്‌കൂൾ കുട്ടികളെ പീഡിപ്പിച്ചതിന് മുരുക മഠത്തിലെ സ്വാമി ശിവമൂർത്തി മുരുക അറസ്‌റ്റിലായതോടെ ഭയന്നുപോയ ബസവലിംഗ(45) അറസ്‌റ്റ് ഭയന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ 25 വർഷങ്ങളായി കാഞ്ചുങ്കൽ മഠാധിപതിയാണ് അദ്ദേഹം.