
തിരക്കഥകൃത്തായി വന്ന് അഭിനയത്തിലും തിരക്കഥയിലും ഇപ്പോൾ ഒരുപോലെ ശോഭിക്കുന്ന താരമാണ് ബിബിൻ ജോർജ്. അമർ അക്ബർ അന്തോണിയിലൂടെ തിരക്കഥകൃത്തായി മലയാളികളുടെ മനസിൽ ഇടം നേടിയ ബിബിൻ പിന്നെ നായകനായി അരങ്ങേറ്റം കുറിച്ചു.ശാരീരിക പരിമിതികളെ വളരെ പോസിറ്റീവായാണ് താരം സമീപിക്കുന്നത്. ചെറുപ്പത്തിൽ പോളിയോ ബാധിച്ചതോടെയാണ് ബിബിന് ഒരു കാലിന്റെ സ്വാധീനം കുറഞ്ഞത്. എന്നാൽ അതൊന്നും സ്വപ്നങ്ങൾക്ക് തടസമല്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച താരമാണ് ബിബിൻ. താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. ആദ്യമായി റാമ്പിൽ നടന്ന സന്തോഷമാണ് താരം പങ്കു വച്ചിരിക്കുന്നത്.
“കുഞ്ഞിലേ ഞാൻ നടക്കുമോ എന്നായിരുന്നു എന്റെ വീട്ടുകാരുടെ ഭയം. പക്ഷെ ദൈവാനുഗ്രഹത്താൽ ഞാൻ നടന്നു. നടന്നു നടന്നു റാമ്പിലും നടന്നു. ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്. ഇതൊരു തുടക്കം മാത്രം,” എന്നാണ് ബിബിൻ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
‘കൊള്ളാം പുതിയ നടപടി ‘ എന്നായിരുന്നു പോസ്റ്റിന് താഴെ നാദിർഷ കമന്റ് ഇട്ടത്. നിരവധി പേരാണ് ബിബിനെ ആശംസിച്ച് പോസ്റ്റിന് താഴെ കമന്റുകൾ ചെയ്യുന്നത്. അമർ അക്ബർ ആന്റണി,കട്ടപ്പനയിലെ ഋത്വിക് റോഷൻ,ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിൽ വിഷ്ണു ഉണ്ണികൃഷ്ണനുമായി ചേർന്ന് ബിബിൻ തിരക്കഥയൊരുക്കിയിരുന്നു. ഒരു പഴയ ബോംബ് കഥ,മാർഗം കളി, ഒരു യമണ്ടൻ പ്രേമകഥ, തിരിമാലി, ഷെെലോക്ക് എന്നീ ചിത്രങ്ങളിലും ബിബിൻ അഭിനയിച്ചിട്ടുണ്ട്.