stardust

ലണ്ടൻ: യൂറോപ്യൻ സതേൺ ഒബ്‌സെർവേറ്ററിയിലെ ജ്യോതി ശാസ്‌ത്രജ്ഞർ കഴിഞ്ഞദിവസം ഒരു അമ്പരപ്പിക്കുന്ന വസ്‌തുത കണ്ടെത്തി. ഒരു ഭീമൻ നക്ഷത്രത്തിന്റെ അവശിഷ്‌ടങ്ങളായിരുന്നു അത്. അതിഭീകരമായ ഒരു പൊട്ടിത്തെറിയിലൂടെ ആ നക്ഷത്രം തകർന്നിരുന്നു. അതിന്റെ അവശിഷ്‌ടങ്ങൾ വലിയ പ്രകമ്പനം സൃഷ്‌ടിച്ച് ഏറെദൂരം പടർന്നു. കൃത്യമായി പറഞ്ഞാൽ സൂര്യനും ഭൂമിയുമൊക്കെ ഉൾപ്പെടുന്ന സൗരയൂഥത്തിന്റെ 600 ഇരട്ടിയിലധികം വലുപ്പമാണ് ഈ അവശിഷ്‌ടങ്ങളുടെ അഥവാ നക്ഷത്രധൂളിയുടെ വ്യാപ്‌തി.

വിഎൽടി സർവെ ടെലിസ്‌കോപ്പ് ഉപയോഗിച്ചുള‌ള ഈ ദൃശ്യത്തിൽ പിങ്കും ഓറഞ്ചും നിറമുള‌ള മേഘങ്ങൾ പരന്നിരിക്കുന്നത് കാണാം. 11,000 വർഷങ്ങൾക്ക് മുൻപ് സൂപ്പർനോവയായി മാറി തകർന്ന നക്ഷത്രത്തിന്റെ അവശിഷ്‌ടത്തിനാണ് ഇത്രയധികം വലുപ്പം. പൊട്ടിത്തെറിക്കും മുൻപുള‌ള നക്ഷത്രത്തിന്റെ പിണ്ഡം ഏകദേശം സൂര്യന്റെ എട്ടിരട്ടിയോളം വരും.

ഭൂമിയിൽ നിന്നും 800 പ്രകാശവർഷം അകലെ വേല നക്ഷത്ര സമൂഹത്തിനരികിലാണ് ഇത്രവലിയ നക്ഷത്രധൂളിയുള‌ളത്. 554 മില്യൺ പിക്‌സലിലെടുത്ത ചിത്രം വേല സൂപ്പർനോവ അവശിഷ്‌ടത്തിന്റെ വളരെ വിശദമായ കാഴ്‌ച നൽകുന്നു. പ്രോട്ടോണുകളും ഇലക്‌ട്രോണുകളും ഒരുമിച്ച് ചേർന്ന ഒരു ന്യൂട്രോൺ പന്തുപോലെയാണ് ഇപ്പോൾ ഈ നക്ഷത്രാവശിഷ്‌ടത്തിന്റെ രൂപം. പൊട്ടിത്തെറിക്ക് പിന്നാലെ നക്ഷത്രം പൾസർ എന്ന് പേരുള‌ള സാന്ദ്രമായ ഒരു ന്യൂട്രോൺ വസ്‌തുവായി. സെക്കന്റിൽ പത്ത് തവണ എന്ന വേഗത്തിൽ ഇത് കറങ്ങുകയാണ്.