
തിരുവനന്തപുരം : പാറശാല സ്വദേശി ഷാരോണിന്റെ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയുടെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി. വീട്ടിൽ നിന്ന് ലഭിച്ച കീടനാശിനിയുടെ ലേബൽ കാപിക്കിന്റേതല്ലെന്ന് പൊലീസ് കണ്ടെത്തി. മറ്റൊരു കീടനാശിനിയുടെ ലേബലാണ് കണ്ടെത്തിയത്.
ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കീടനാശിനി വാങ്ങിയ കുപ്പി രാമവർമ്മൻ ചിറയിലെ കുളത്തിൽ നിന്നാണ് കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഷായത്തിൽ മറ്റ് കീടനാശിനികൾ ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറയിച്ചു.
രാവിലെ എസ്. പി ഓഫീസിൽ നിന്ന് ആദ്യം പാറശാല പൊലീസ് സ്റ്റേഷനിലേക്കും പീന്നീട് തമിഴ് നാട് പൊലീസിന് മുന്നിലും സിന്ധുവിനെയും നിർമ്മൽ കുമാറിനെയും എത്തിച്ചു. പിന്നീടാാണ് രാമവർമ്മൻ ചിറയിൽ എത്തിച്ച് തെളിവെടുത്തത്. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കീടനാശിനിയുടെ കുപ്പി ഇവിടെ നിന്ന് നിർമ്മൽകുമാർ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. വീട്ടിൽ നിന്ന് നാലുകുപ്പികളാണ് കണ്ടെത്തിയത്. ഒരു കുപ്പിയിൽ പച്ചനിറത്തിലുള്ള ദ്രാവകത്തിന്റെ അംശം ഉണ്ടായിരുന്നു. തെളിവ് നശിപ്പിക്കാൻ ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.