
ബംഗളൂരു: പുൽവാമ ഭീകരാക്രമണം ആഘോഷിച്ച യുവാവിന് ശിക്ഷ വിധിച്ച് ബംഗളൂരു പ്രത്യേക കോടതി. കച്ചർക്കനഹള്ളി സ്വദേശിയായ ഫായിസ് റാഷിദി (22) നാണ് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഭീകരാക്രമണം ആഘോഷിക്കുകയും സെെന്യത്തെ പരിഹസിക്കുകയും ചെയ്യുന്ന പോസ്റ്റുകൾ പങ്കുവച്ചതാണ് കുറ്റം.
പോസ്റ്റിലൂടെ വർഗീയ കലാപം ആളിക്കത്തിക്കുക എന്ന ഉദ്ദേശമാണ് ഇയാൾക്ക് ഉണ്ടായിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. പ്രതി ഒന്നോ രണ്ടോ തവണയല്ല അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത്. പ്രതി നിരക്ഷരനോ സാധാരണക്കാരനോ ആയിരുന്നില്ല. കുറ്റം ചെയ്യുന്ന സമയത്ത് എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്നുവെന്ന് പ്രതിഭാഗത്തിന്റെ വാദം എതിർത്ത് ജഡ്ജി ചൂണ്ടിക്കാട്ടി. പുൽവാമ ഭീകരാക്രമണം ആഘോഷിച്ച് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ മനഃപൂർവ്വമാണ് പോസ്റ്റുകളും കമന്റുകളും ഇട്ടത്. മഹാത്മാക്കളെ കൊന്നതിൽ സന്തോഷമുണ്ടെന്ന് പ്രതി നിലപാടെടുത്തതായും അതുകൊണ്ട് തന്നെ പ്രതി ചെയ്തത് രാജ്യത്തിനെതിരായ നീക്കമണെന്നും ജസ്റ്റിസ് സി എം ഗംഗാധര നിരീക്ഷിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജെ എൻ അരുൺ ആണ് സംസ്ഥാന സർക്കാരിനായി ഹാജരായത്. സെെനികർ വീരമൃത്യു വരിച്ച സംഭവം ആഘോഷമാക്കി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിനെതുടർന്ന് 2019 ഫെബ്രുവരി 14നാണ് റാഷിദിനെ അറസ്റ്റ് ചെയ്തത്. അന്ന് മൂന്നാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ഇയാളുടെ ഫോൺ പിടിച്ചെടുത്തു ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് 2019 ഫെബ്രുവരിയിൽ അറസ്റ്റിലായത് മുതൽ പ്രതി ജയിലിലാണ്.
2019 ഫെബ്രുവരി 14ന് പാകിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു.