sitaram-yechuri

ന്യൂഡൽഹി: സർവകലാശാല വൈസ് ചാൻസലർമാരെ തിരികെ വിളിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിന്റെ മതേതര, ജനാധിപത്യ, ഉന്നതവിദ്യാഭ്യാസ മേഖലയെ ഗവര്‍ണര്‍ ഉന്നമിടുന്നുവെന്ന് പറഞ്ഞ അദ്ദേഹം സർവകലാശാല വിസിയോടൊപ്പം മന്ത്രിയുടെ രാജി ആവശ്യപ്പെടാനുമുള്ള ഭരണഘടനാപരമായ അധികാരം ഗവർണർക്കില്ല എന്ന് ചൂണ്ടിക്കാട്ടി. കേരള ഗവർണറും സർക്കാരും തമ്മിലുള്ള തർക്ക സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.

സർവകലാശാലകളിൽ കടന്നുകയറാനും അതിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഹിന്ദുത്വ നയങ്ങൾ ആവിഷ്കരിക്കാനുമാണ് ബിജെപിയുടെ നീക്കമെന്നും ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ പാർട്ടികളും രംഗത്ത് വരണമെന്നും യച്ചൂരി ആവശ്യപ്പെട്ടു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനും രാജ്യത്തെ ഫെഡറിലസത്തെ തകർക്കാനുമുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതിനെ പ്രതികരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുജറാത്തിൽ പാലം തകർന്ന് വീണ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.

സാങ്കേതിക സർവകലാശാല വി.സിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കേരള, ഫിഷറീസ്, കണ്ണൂർ,എം.ജി,കുസാറ്റ് അടക്കം ഒൻപത് സർവകലാശാലയിലെയും വൈസ് ചാൻസലർമാർ രാജിവയ്‌ക്കണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ രാജി സമർപ്പിക്കണമെന്നും ഗവർണർ നിർദേശം നൽകി. ഇതിന് പിന്നാലെ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിൽ വിഷയം ചർച്ചയ്‌ക്കെടുക്കുകയും ഗവർണർക്കതിരെ രൂക്ഷ വിമർശനം ഉയർന്ന് വരികയും ചെയ്തിരുന്നു.