
തിരുവനന്തപുരം: ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം മൂലം പൊലീസ് സേനയ്ക്കാകെ അപമാനം നേരിടേണ്ടി വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ സമൂഹം ഗൗരവമായി തന്നെ നിരീക്ഷിക്കുന്നതായും വിമർശനങ്ങളിൽ സേന അസ്വസ്ഥത പ്രകടിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്യുന്ന ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല , ആരുടെയും കഞ്ഞികുടി മുട്ടിക്കുക സർക്കാർ നയമല്ല, പക്ഷേ തെറ്റിനെ അംഗീകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ല. മുഖ്യമന്ത്രി തുടർന്നു.
തെറ്റ് പൊലീസുകാരനിൽ നിന്നോ പൊലീസുകാരിയിൽ നിന്നോ ഉണ്ടായാൽ ഒരു വിട്ടുവീഴ്ചയും കാണിക്കാൻ പറ്റില്ല.തെറ്റ് ചെയ്തവർ സേനയ്ക്കകത്ത് തുടർന്നാൽ അത് പൊലീസിന്റെ യശസിനെയായിരിക്കും പ്രതികൂലമായി ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കിളികൊല്ലൂർ കസ്റ്റഡി മർദ്ദനത്തിന്റെ അടക്കം സാഹചര്യത്തിൽ കേരള പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി വലിയ തോതിലുള്ള വിമർശനം ഉയർന്നിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വകുപ്പ് ഒഴിയണമെന്നടക്കമുള്ള ആരോപണങ്ങൾ ഉയർന്നപ്പോഴും പൊലീസിനെ പൂർണമായും തള്ളിപ്പറയുന്ന നടപടി അദ്ദേഹം സ്വീകരിച്ചിരുന്നില്ല.