soudi-riyal

റിയാദ്: സൗദി അറേബ്യയിൽ നിന്നും പ്രവാസികൾ സെപ്തംബർ മാസത്തിൽ സ്വദേശങ്ങളിലേയ്ക്ക് അയച്ചത് 1133 കോടി റിയാൽ. 302 കോടി ഡോളറിന് അടുപ്പിച്ച് മൂല്യം വരുന്നതാണ് സർക്കാർ രേഖകൾ പ്രകാരം നിയമാനുസൃതമായി അയക്കപ്പെട്ട ഇത്രയും തുക. കഴിഞ്ഞ വർഷം ഇതേ സമയം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി അയക്കപ്പെട്ട മൊത്തം തുക പ്രകാരം ഇത്തവണ 15.1 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സെപ്തംബറിൽ പ്രവാസികൾ 1335 കോടി റയാൽ അതത് രാജ്യങ്ങളിലേയ്ക്ക് അയച്ചിരുന്നു.

മറ്റ് മാസങ്ങളിൽ പ്രവാസികൾ സൗദിയ്ക്ക് പുറത്തേയ്ക്ക് അയച്ച പണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ കുറവ് രേഖപ്പെടുത്തി. ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 3960 കോടി റിയാലിന്റെ വിനിമയം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തവണ 3485 കോടി റിയാൽ മാത്രമാണ് ഇത്തരത്തിൽ പുറത്തേയ്ക്ക് അയച്ചത്. റെമിറ്റൻസിൽ ഇത് പ്രകാരം രേഖപ്പെടുത്തിയ 12 ശതമാനം കുറവ് 2019ലെ രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയ 19 ശതമാനത്തിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ്.