kerala-police-

തിരുവനന്തപുരം: നെയ്യാറ്റിൻകര വ്ലാത്താങ്കര സ്വദേശിയായ പൊലീസുകാരന് സ്വന്തം വീടിന്റെ പാലുകാച്ചലിൽ പങ്കെടുക്കാൻ അവധി നൽകാത്ത എസ്.എ.പി ക്യാമ്പിലെ പരിശീലകൻ ആംഡ് പൊലീസ് ഇൻസ്‌പെക്ടർ ബ്രിട്ടോയ്‌ക്കെതിരെ അന്വേഷണം. കഴിഞ്ഞ ദിവസമായിരുന്നു പൊലീസുകാരന്റെ വീടിന്റെ പാലുകാച്ചൽ. അവധിക്ക് അപേക്ഷിച്ചെങ്കിലും നൽകിയില്ല. നാല് വനിതാ പൊലീസുകാരിൽ രണ്ടുപേർക്ക് അവധി അനുവദിച്ചു. പാലുകാച്ചൽ ദിവസം പൊലീസുകാരൻ കാലുപിടിച്ച് കരഞ്ഞപ്പോൾ നാലുമണിക്കൂർ സമയം നൽകി.

ഇതുപ്രകാരം വീട്ടിലെത്തിയ പൊലീസുകാരന് ഉടൻ മടങ്ങേണ്ടി വന്നു. ഒരുമാസം മുമ്പ് സ്വന്തം വീടിന്റെ പാലുകാച്ചലിന് ബ്രിട്ടോ 10 ദിവസത്തെ അവധിയെടുത്തതായി സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി.

സംഭവം വിവാദമായതോടെ ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥർ പൊലീസുകാരനെ വിരട്ടി പരാതിയില്ലെന്ന് എഴുതിവാങ്ങാൻ ശ്രമിച്ചു. പരാതി നൽകിയാൽ ജോലിയിൽ നിന്ന് പുറത്താക്കുമെന്നുവരെ ഭീഷണിപ്പെടുത്തി. ഹരിയാനയിൽ കമാൻഡോ പരിശീലനത്തിന് അയയ്ക്കുന്നതിന് മുമ്പുള്ള സാധാരണ പരിശീലനമാണ് ഒന്നാം സായുധ ബറ്റാലിയനിലെ പൊലീസുകാരന് നൽകുന്നത്.