
തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ കയറി അതിക്രമം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേസിൽ ഒരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ കരാർ ജീവനക്കാരനാണ് സന്തോഷെന്നും തന്റെ ഓഫീസുമായി പ്രതിക്ക് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. ഇയാൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയെന്നും ഉടൻ പുറത്താക്കുമെന്നും മന്ത്രി പറഞ്ഞു. വാട്ടർ അതോറിറ്റിയിൽ സന്തോഷ് വേണമോ ഇല്ലയോ എന്നത് കേസിന്റെ മെറിറ്റ് നോക്കി തീരുമാനിക്കണമെന്നും അത് ഉടനെ ഉണ്ടാകണമെന്നും മന്ത്രി വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി.
കഴിഞ്ഞ ദിവസമാണ് മലയിൻകീഴ് സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയത്തിന് സമീപം വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലും പ്രതി ഇയാളാണെന്ന് പരാതിക്കാരി തിരിച്ചരിഞ്ഞു. ഈ കേസിലും സന്തോഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സി സി ടിവി ദൃശ്യങ്ങളുടെ സൂക്ഷമമായ പരിശോധനയ്ക്ക് പിന്നാലെ രണ്ടും ഒരാളാണെന്ന നിഗമനത്തിലെത്തിൽ പൊലീസ് എത്തിയിരുന്നു. പിടിയിലാകുമ്പോൾ രൂപമാറ്റം വരുത്താനായി ഇയാൾ തല മൊട്ടയടിച്ചിരുന്നു. ആക്രമണമുണ്ടായി ഏഴാം ദിവസം പേരൂർക്കട പൊലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു വനിതാഡോക്ടറെ അജ്ഞാതൻ ആക്രമിച്ചത്. കേസന്വേഷണം ആരംഭിച്ചപ്പോൾ രണ്ട് പ്രതികളും ഒന്നാകാൻ സാദ്ധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതേസമയം രണ്ടും ഒരാളാണെന്നുള്ളതിന് മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല. രണ്ടുപേരുടെയും ശാരീരികപ്രകൃതി വ്യത്യസ്ഥമാണെന്നാണ് പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. ഡോക്ടറെ ആക്രമിച്ച ദിവസം രാത്രി മുഴുവൻ കുറവൻകോണം ഭാഗത്ത് ഒരു അക്രമിയുണ്ടായിരുന്നു. ഇവിടെ ഒരു വീടിന്റെ പൂട്ട് തകർക്കാനും ശ്രമിച്ചിരുന്നു.
വനിതാ ഡോക്ടറെ ആക്രമിച്ചയാളെത്തിയ കാർ രാത്രി മുഴുവൻ കവടിയാർ ഭാഗത്ത് നിറുത്തിയിട്ടിരുന്നതായി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. രാത്രി പത്തോടെ ഇവിടെ കൊണ്ടിട്ട കാർ പുലർച്ചെ നാലിന് മുമ്പാണ് തിരിച്ചെടുക്കുന്നത്. പിന്നീട് മ്യൂസിയം ഭാഗത്തേക്ക് വരികയായിരുന്നു. വാഹനം പാർക്ക് ചെയ്തിട്ട് ഇയാൾ കുറവൻകോണം ഭാഗത്തേക്ക് പോയതാകാമെന്നാണ് സംശയം. സംഭവത്തിൽ പത്തിലേറെ പേരെ ചോദ്യം ചെയ്തെന്നാണ് വിവരം. ഇയാളുടെ മൊബൈൽ ഫോൺ രേഖകൾ കൂടി പൊലീസ് പരിശോധിക്കുകയാണ്.