
കണ്ണൂർ : വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പോക്സേ കുറ്റം ചുമത്തിയ അദ്ധ്യാപകന്റെ വീട് ആക്രമിച്ചു. കണ്ണൂർ കാക്കയങ്ങാട് ഇന്നലെ രാത്രിയാണ് സംഭവം.പാല ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ അദ്ധ്യാപകനായ ഹസന്റെ വീട്ടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായി എത്തിയ സംഘം ചെടിച്ചട്ടിയും ഷോക്കേസുകളും അടിച്ചു തകർത്തു. ആക്രമണത്തിൽ ഹസന്റെ ഭാര്യയ്ക്ക് പരിക്കേറ്റു. ഭാര്യ ഷഫിറ മഹിളാ കോൺഗ്രസ് മുഴക്കുന്നം പ്രസിഡന്റാണ്. ഇവരെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, അദ്ധ്യാപകനെതിരായ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ പി എസ് ടി എ ) പറഞ്ഞു. ഹസൻ കൊവിഡ് കാലത്ത് ശമ്പളം പിടിക്കാനുള്ള സർക്കാർ നടപടിയെ എതിർത്ത് സമരം ചെയ്തിയിരുന്നു. അതിന് പ്രതികാരമായാണ് ഈ പരാതിയും പ്രശ്നങ്ങളുമെന്നാണ് കെ പി എസ് ടി എ പറയുന്നത്. അദ്ധ്യാപക സംഘടനാ നേതാവ് കൂടിയായ ഹസൻ ഒളിവിലാണ്.