
ബംഗളൂരു: പുൽവാമ ആക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഇരുപത്തിരണ്ടുകാരനായ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് അഞ്ച് വർഷം തടവ്. ബംഗളൂരു പ്രത്യേക കോടതിയാണ് തടവും 25,000 രൂപ പിഴയും വിധിച്ചത്. ബംഗളൂരു കച്ചറകാനഹള്ളി സ്വദേശി ഫായിസ് റഷീദാണ് കേസിലെ പ്രതി.
പിഴ അടയ്‌ക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് സി എം ഗംഗാധര ഉത്തരവിട്ടു. സൈനികർ വീരമൃത്യുവരിച്ചതിൽ പ്രതി സന്തോഷിച്ചു. ഭീകരാക്രമണം ആഘോഷിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നും പ്രതിയുടെ കുറ്റകൃത്യം രാജ്യത്തിന് എതിരാണെന്നും കോടതി നിരീക്ഷിച്ചു.
മതസൗഹാർദ്ദം തകർക്കുക എന്ന ലക്ഷ്യത്തോടെ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർക്ക് നേരെ നടത്തിയ ചാവേർ ആക്രമണത്തെ പിന്തുണച്ച്, പ്രതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിനുള്ള തെളിവ് പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
വിവിധ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ താഴെ ഭീകരാക്രമണം ആഘോഷിക്കുകയും, സൈന്യത്തെ പരിഹസിക്കുകയും ചെയ്യുന്ന രീതിയിൽ 23 കമന്റുകളാണ് റഷീദ് ഇട്ടത്. 2019 ഫെബ്രുവരി പതിനാലിനാണ് പുൽവാമ ആക്രമണം നടന്നത്. ഈ സമയം ഫായിസ് മൂന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു. ആക്രമണത്തിൽ 40 സൈനികരാണ് വീരമൃത്യു വരിച്ചത്.