state-car

​​​​തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ കയറി അതിക്രമം നടത്തിയ കേസിലെ പ്രതി സന്തോഷ് സ്റ്റേറ്റ് കാർ ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ. ജലവിഭവ വകുപ്പ് മന്ത്രിയുടെ പി എസിന്റെ ഡ്രൈവറായിരുന്ന സന്തോഷ് ഔദ്യോഗിക വാഹനത്തിന്റെ ബോർഡ് മറച്ചാണ് ആക്രമണം നടത്താനെത്തിയത്. മ്യൂസിയം വളപ്പിൽ യുവതിക്കുനേരെ അതിക്രമം നടത്തിയതും ഇതേ കാറിലെത്തിയാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ തിരിച്ചറിയാതിരിക്കാൻ പ്രതി മൊട്ടയടിച്ചതായും പൊലീസ് പറഞ്ഞു.

അതേസമയം, സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേസിൽ ഒരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്നും, വാട്ടർ അതോറിറ്റിയുടെ കരാർ ജീവനക്കാരനായ സന്തോഷിന് തന്റെ ഓഫീസുമായി ബന്ധമില്ലെന്നും മന്ത്രി പറ‌ഞ്ഞു. വാട്ടർ അതോറിറ്റിയിൽ സന്തോഷ് വേണമോ ഇല്ലയോ എന്നത് കേസിന്റെ മെറിറ്റ് നോക്കി തീരുമാനിക്കണമെന്നും അത് ഉടനെ ഉണ്ടാകണമെന്നും മന്ത്രി വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി.