
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിസിമാർ ഹൈക്കോടതിയെ സമീപിച്ചു. ആറ് വൈസ് ചാൻസലർമാരും കേരള സർവകലാശാലയിൽ നിന്ന് വിരമിച്ച ഡോ. മഹാദേവൻ പിള്ളയും ചേർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാനത്തെ ആറ് വിസിമാർക്കൊപ്പം മഹാദേവൻ പിള്ളയ്‌ക്കും ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ ഹർജിയിൽ പറയുന്നത്.
ഫണ്ട് തിരിമറി അടക്കമുള്ള ആരോപണങ്ങളിൽ ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ ജഡ്ജിമാർ നേരിട്ട് അന്വേഷണം നടത്തണമെന്നാണ് വിസിമാരുടെ ആവശ്യം. അന്വേഷണം നടത്തുന്ന ജഡ്‌ജിമാർക്ക് തങ്ങൾ തെറ്റ് ചെയ്‌തെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമേ സ്ഥാനത്തുനിന്ന് പുറത്താക്കാവൂ എന്നും ഹർജിയിൽ പറയുന്നു.
വിസിമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ നേരത്തെ കത്ത് നൽകിയിരുന്നു. തുടർന്ന് വിസിമാർ ഹൈക്കോടതിയെ സമീപിച്ചു. നിയമനാധികാരി ചാൻസലാറാണെന്നും എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തു കൂടാ എന്നും കോടതി ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.