
മലയാള സിനിമയ്ക്കുണ്ടായ തീരാനഷ്ടമാണ് നടൻ കലാഭവൻ മണിയുടെ വിയോഗം. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ ആ മരണ വാർത്ത ആരാധകരെയും സിനിമാ പ്രവർത്തകരെയും ഏറെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ കലാഭവൻ മണിക്കൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടൻ ബാല. എപ്പോഴും എന്തും പറയാൻ പറ്റുന്ന ഒരു നല്ല സുഹൃത്തായിരുന്നു തനിക്ക് മണിച്ചേട്ടൻ എന്നാണ് ബാല പറയുന്നത്. അദ്ദേഹം തന്റെ മരണം മുൻകൂട്ടി കണ്ടിരുന്നുവെന്നും ബാല വെളിപ്പെടുത്തി.
'എനിക്ക് ആയുസ് കുറവാണ്. ഞാൻ ജാതകം നോക്കി. നാൽപ്പത്തിയെട്ട് വയസിന് മേലെ ഞാൻ ജീവിക്കില്ല എന്ന് മണിച്ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ തടഞ്ഞു. അപ്പോൾ മാളച്ചേട്ടൻ റൂമിലേയ്ക്ക് വന്നു. മണിച്ചേട്ടൻ മരണത്തെകുറിച്ച് പറയുന്നത് കേട്ട് അദ്ദേഹം കുറേ വഴക്ക് പറഞ്ഞു. ജ്യോത്സ്യൻമാർ പലതും പറയും അത് കേട്ട് നീ ഓരോന്ന് ചിന്തിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു.'- ബാല പറഞ്ഞു.
2016 മാർച്ച് ആറിന് തന്റെ നാൽപ്പത്തിയഞ്ചാം വയസിലായിരുന്നു കലാഭവൻ മണിയുടെ മരണം. രക്തം ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണത്തിൽ അസ്വാഭാവികതയുണ്ട് എന്ന് പറഞ്ഞ് പൊലീസ് കേസെടുത്തിരുന്നെങ്കിലും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങളൊന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.