
മലയാളികളുടെ പ്രിയ നായകനാണ് കുഞ്ചാക്കോ ബോബൻ. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് നടൻ പ്രിയയെ വിവാഹം കഴിച്ചത്. 2005 ഏപ്രിൽ 22നായിരുന്നു ഇവരുടെ വിവാഹം. 2019ലാണ് ദമ്പതികൾക്ക് മകൻ ജനിച്ചത്. ഭാര്യ തന്റെ നല്ലൊരു സുഹൃത്താണെന്നും എല്ലാ കാര്യങ്ങളും തങ്ങൾ പരസ്‌പരം പങ്കുവയ്ക്കാറുണ്ടെന്നും അദ്ദേഹം മുമ്പ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.
ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു പരിധിയിൽ കവിഞ്ഞ് സിനിമ ചെയ്യരുതെന്ന് ഭാര്യ പറഞ്ഞിരുന്നെന്നും ആ അഭിപ്രായം മാനിച്ചാണ് മുമ്പ് ഒരു ബ്രേക്ക് എടുത്തതെന്നും താരം പറയുന്നു.
സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത സമയത്ത് ബിസിനസ് ചെയ്‌തെങ്കിലും അത് വിചാരിച്ചത്ര ലാഭത്തിലായില്ല. ഈ സമയത്ത് സിനിമയിൽ മികച്ച അവസരങ്ങൾ വന്നിരുന്നെങ്കിലും വേണ്ടെന്നുവയ്ക്കുകയായിരുന്നു. അങ്ങനെ അവസരം കിട്ടിയിട്ടും ചെയ്യാതെപോയ രണ്ട് സിനിമകളാണ് ക്ലാസ്‌മേറ്റ്സും മാടമ്പിയും. ഈ രണ്ട് ചിത്രങ്ങളും ചെയ്യാൻ സാധിക്കാതെ പോയതിൽ അന്ന് വിഷമിച്ചെന്നും താരം വ്യക്തമാക്കി. ഭാര്യ കാരണമാണ് കുഞ്ചാക്കോ ബോബൻ സിനിമകളിൽ നിന്ന് ഇടവേളയെടുത്തതെന്ന രീതിയിൽ അന്ന് പ്രചാരങ്ങളുണ്ടായിരുന്നു.