musk

ഏഴുമാസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് ട്വിറ്ററിനെ ലോകത്തെ ഏറ്റവും സമ്പന്നനായ എലോൺ മസ്‌ക് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് ട്വിറ്ററിനെ കുറിച്ച് ഉയർന്ന് വന്നത്. ഇതിൽ പ്രധാനമായിരുന്നു ഇനി മുതൽ വെരിഫൈഡ് അക്കൗണ്ടുകൾക്ക് പണം ഈടാക്കുമെന്നത്. മാസം ഇരുപത് ഡോളർ നൽകിയാലെ പ്രൊഫൈലിൽ നീല ടിക്ക് മാർക്ക് ഉണ്ടാവു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ടുകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് മസ്‌ക് ഇപ്പോൾ.

ട്വിറ്ററിൽ ഒരു ബ്ലൂ ടിക്ക് ലഭിക്കുന്നതിന്, ഉപയോക്താക്കൾ പ്രതിമാസം എട്ട് അമേരിക്കൻ ഡോളർ അഥവാ 660 രൂപ നൽകേണ്ടി വരുമെന്നാണ് ഇപ്പോൾ മസ്‌ക് പ്രഖ്യാപിച്ചത്. എന്നാൽ ഇത് അമേരിക്കയിലെ നിരക്ക് മാത്രമാണ്. മറ്റു രാജ്യങ്ങളിൽ പർച്ചേസിംഗ് പവർ പാരിറ്റിക്ക് ആനുപാതികമായി വിലയിൽ ഏറ്റക്കുറച്ചിലുണ്ടാവും. സബ്സ്‌ക്രിപ്ഷൻ മോഡൽ അവതരിപ്പിക്കുന്നതിലൂടെ സ്പാം ബോട്ടുകളെ ഒരു പരിധിവരെ ഒഴിവാക്കാമെന്ന് മസ്‌ക് വിശ്വസിക്കുന്നു. സബ്സ്‌ക്രിപ്ഷൻ മോഡൽ നടപ്പിലാവുന്നതോടെ പരസ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനാവും. ട്വിറ്ററിനെ ഒരു സ്വതന്ത്ര പക്ഷിയാക്കുമെന്ന തന്റെ വാഗ്ദ്ധാനം നടപ്പിലാക്കാനാണ് ഈ പ്രവർത്തികൾ. നിലവിൽ ട്വിറ്ററിൽ ബ്ളൂ ടിക്ക് പ്രൊഫൈലുകൾ സ്വന്തമാക്കാൻ നിരക്കുകളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. ഉപയോക്താക്കൾ ട്വിറ്റർ നൽകുന്ന സ്ഥിരീകരണ ഫോം പൂരിപ്പിച്ചതിന് ശേഷം, അതിൽ പറയുന്ന ഡോക്യുമെന്റുകൾ നൽകിയാൽ മതി.

മസ്‌ക് ഏറ്റെടുത്ത ശേഷം ട്വിറ്ററിൽ നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. പരാഗ് അഗർവാൾ, വിജയ ഗാഡ്ഡെ, നെഡ് സെഗാൾ തുടങ്ങിയ മുൻനിര ട്വിറ്റർ എക്സിക്യൂട്ടീവുകൾക്ക് പുറത്ത് പോകേണ്ടി വന്നു. പുറത്താക്കപ്പെട്ടവർക്ക് ഓഹരി ഇടപാടിന്റെ ഭാഗമായി മസ്‌ക് 8.80 കോടി ഡോളർ (725.45 കോടി രൂപ) നൽകും. പരാഗിന് 3.87 കോടി ഡോളർ (320 കോടി രൂപ) ലഭിക്കും.

വമ്പൻ ഇടപാട്

4,400 കോടി ഡോളറിനാണ് (3.62 ലക്ഷം കോടി രൂപ) ട്വിറ്റർ മസ്‌ക് സ്വന്തമാക്കിയത്. കഴിഞ്ഞ ഏപ്രിലിലാണ് ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. ആഴ്ചകൾക്കശേഷം ഇടപാടിൽ നിന്ന് പിന്മാറുന്നതായി പറഞ്ഞു. ഇതു വഞ്ചനയാണെന്ന് കാട്ടി ട്വിറ്റർ കോടതിയിലെത്തി. മസ്‌ക് അന്തിമതീരുമാനം അറിയിക്കാനുള്ള അവസാന ദിവസമാണ് ഏറ്റെടുക്കൽ നടന്നത്.

പക്ഷി സ്വതന്ത്ര?

ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തത് ഇങ്ങനെ: ''ദ ബേർഡ് ഈസ് ഫ്രീഡ് '' (പക്ഷി സ്വതന്ത്രയായി). ട്വിറ്റർ ഡിസ്‌ക്രിപ്ഷൻ 'ചീഫ് ട്വിറ്റ് '' എന്നും മാറ്റി. എന്നാൽ, നിമയമനുസരിച്ചേ പക്ഷി പറക്കൂവെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ട്വിറ്റർ നിയമങ്ങൾ പാലിക്കണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടു.