
ഗാന്ധിനഗർ : കഴിഞ്ഞ ഞായറാഴ്ച ഗുജറാത്തിലെ മോർബിയിൽ തൂക്ക് പാലം തകർന്ന് 133 പേർ മരണപ്പെട്ട ദാരുണ സംഭവത്തിൽ വിചിത്ര നിലപാടുമായി നിർമ്മാണ കമ്പനി. 'ഇത് ദൈവഹിതമായിരുന്നു (ഭഗവാൻ കി ഇച്ഛ!) അതിനാൽ ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവമുണ്ടായി എന്നാണ് പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്ന
ഒറെവ കമ്പനിയുടെ മാനേജർമാരിലൊരാളായ ദീപക് പരേഖ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പറഞ്ഞത്.
എന്നാൽ നിർമ്മാണ കമ്പനിക്കെതിരെ ശക്തമായ നിലപാടാണ് സർക്കാർ അഭിഭാഷകൻ സ്വീകരിച്ചത്. പാലത്തിന്റെ നവീകരണ വേളയിൽ കേടായ കേബിളുകൾ മാറ്റിയിട്ടില്ലെന്നും, അലൂമിനിയം ബേസ് തടിയിൽ സ്ഥാപിച്ചതാണ് തകർച്ചയ്ക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. മോർബി പാലം തകർന്ന കേസിലെ പ്രതികൾക്ക് വേണ്ടി അഭിഭാഷകർ ഹാജരായതിനെതിരെ മോർബി ആൻഡ് രാജ്‌കോട്ട് ബാർ അസോസിയേഷൻ പ്രമേയം പാസാക്കി.
2022ലാണ് ഗുജറാത്തിലെ മോർബി മുനിസിപ്പൽ കോർപ്പറേഷനും അജന്ത ഒറെവ കമ്പനിയും തമ്മിൽ പാലത്തിന്റെ അറ്റകുറ്റപ്പണിക്കും തുടർന്ന് 15 വർഷം പ്രവർത്തിപ്പിക്കാനുമുള്ള കരാറിൽ ഒപ്പുവച്ചത്. 2037 വരെയായിരുന്നു ഒറെവ കമ്പനിക്ക് പാലത്തിന്റെ മേൽനോട്ട ചുമതല. പാലം നിർമ്മിച്ച കമ്പനി ഇന്ത്യയിലെ ജനപ്രിയ ക്‌ളോക്ക് നിർമ്മാതാക്കളായ അജന്തയുമായി ബന്ധമുള്ളതാണ്. 1971ൽ ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ രാഘവ്ജി പട്ടേലാണ് അജന്ത സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് നിർമ്മാതാക്കളുടെ കമ്പനി എന്നാണ് അജന്തയെ അറിയപ്പെടുന്നത്. നിലവിൽ എൽഇഡി ബൾബുകൾ, സ്ട്രീറ്റ്, ഫ്ളഡ് ലൈറ്റുകൾ, വാച്ചുകൾ, ടൂത്ത് പേസ്റ്റ് തുടങ്ങിയ ഉപകരണങ്ങളുടെ നിർമ്മാണം അജന്ത നടത്തുന്നുണ്ട്.
മോർബി ബ്രിഡ്ജ്
നൂറ്റാണ്ടുകൾക്കുമുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് മച്ചു നദിക്ക് മുകളിലൂടെ പണിതതാണ് മോർബി പാലം. നാല് ദിവസം മുമ്പാണ് തകരാർ തീർത്ത് നവീകരിച്ച പാലം തുറന്നത്. ഗുജറാത്തി പുതുവർഷത്തിലായിരുന്നു തൂക്കുപാലം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തത്. അഞ്ഞൂറോളം പേർ ഒരു സമയം പാലത്തിൽ തിക്കിതിരക്കിയതോടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നിലെ കാരണങ്ങളെ അന്വേഷിക്കാൻ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) രൂപീകരിച്ചിട്ടുണ്ട്.