
കോയമ്പത്തൂർ : കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ അഞ്ചോടെ കോയമ്പത്തൂർ ടൗൺഹാളിന് സമീപം കോട്ടൈ ഈശ്വരൻ കോവിലിന് മുന്നിൽ കാറിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർ ലക്ഷ്യമിട്ടത് രാജ്യത്ത് ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള ഏറ്റവും വലിയ ഭീകരാക്രമണമെന്ന് അന്വേഷണ ഏജൻസികൾ. ദീപാവലി ആഘോഷങ്ങൾക്കായി ആളുകൾ കൂട്ടമായി ഒത്തുകൂടുന്ന ക്ഷേത്രങ്ങളിൽ ഭീകരർ നിരീക്ഷണം നടത്തിയതായും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. കോയമ്പത്തൂരിലെ ആറ് ക്ഷേത്രങ്ങളിലാണ് പ്രതികൾ ഇതിനായി പോയത്. സ്‌ഫോടനത്തിൽ കാറിലുണ്ടായിരുന്ന ഉക്കടം ജി.എം നഗർ സ്വദേശി ജമീഷ മുബീൻ (25) കൊല്ലപ്പെട്ടു. ആദ്യം കാർ പൊട്ടിത്തെറിച്ചത് അപകടം നിമിത്തമാണെന്ന് കരുതിയെങ്കിലും കാറിൽ ഗ്യാസ് കുറ്റികൾ അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ചാവേർ ആക്രമണം ആസൂത്രണം ചെയ്തതിന് പിന്നിൽ ഐസിസാണെന്നും തെളിഞ്ഞിട്ടുണ്ട്.
ചാവേറാക്രമണത്തിൽ മുന്നിട്ടിറങ്ങിയവർ വിവിധ സ്‌ഫോടക വസ്തുക്കളെ കുറിച്ചും പഠനം നടത്തിയിരുന്നു. പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, ഡിറ്റർജന്റുകൾ എന്നിവ ഉപയോഗിച്ച് ചില സ്‌ഫോടകവസ്തുക്കൾ ഉണ്ടാക്കുകയും ചെയ്തു. സംഭവത്തിൽ അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേർക്ക് പങ്കുള്ളതായും സംശയിക്കുന്നു. അതേസമയം ഭീകരർ ഏതെങ്കിലും നേതാവിനെ ലക്ഷ്യം വച്ചിരുന്നോ എന്നും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.
സ്‌ഫോടനത്തിൽ കാറിലുണ്ടായിരുന്ന ജമേഷ മുബിന്റെ വീട്ടിൽ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ തുടങ്ങിയ സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തതിന് ശേഷമാണ് സംഭവത്തിൽ തീവ്രവാദ ബന്ധം പൊലീസ് ഉറപ്പിച്ചത്. ഭീകര പ്രവർത്തനം നടത്തുന്നവരുമായി ബന്ധപ്പെട്ടതിന് 2019 ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്തയാളാണ് ജമേഷ മുബീൻ. എൻജിനിയറിംഗ് ബിരുദമുള്ള ഇയാൾ പൊട്ടിത്തെറിക്കുന്നതിന് മുൻപായി ഫോണിൽ 'എന്റെ മരണവാർത്ത നിങ്ങളിലേക്ക് എത്തിയാൽ, എന്റെ തെറ്റുകൾ ക്ഷമിക്കുക, എന്റെ കുറവുകൾ മറയ്ക്കുക, എനിക്ക് വേണ്ടി പ്രാർത്ഥിക്കുക' എന്ന് എഴുതിയിരുന്നു. ഇതും ചാവേർ ആക്രമണത്തിന്റെ സൂചനകളാണ് നൽകുന്നത്.
വൻ ആളപായമുണ്ടാക്കാനാണ് ജമേഷ മുബീൻ ശ്രമിച്ചതെങ്കിലും സ്‌ഫോടനത്തിൽ ക്ഷേത്രത്തിന് മുന്നിലെ ആസ്ബറ്റോസ് ഷീറ്റ് മാത്രമാണ് തകർന്നത്. ഇവിടെയുണ്ടായിരുന്ന ആർക്കും പരിക്കേറ്റുമില്ല. ഇതിന് പിന്നാലെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് പ്രതികൾക്കെതിരെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള യു എ പി എ ചുമത്തിയിട്ടുണ്ട്. പിന്നാലെ കേസ് എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു.
ലക്ഷ്യം വർഗീയ കലാപം
വർഗീയകലാപമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കോയമ്പത്തൂർ പൊലീസ് പറയുന്നു. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നു. 20പേരെ ചോദ്യം ചെയ്തു. പ്രതികൾക്ക് സഹായംലഭിച്ച വഴികളും അന്വേഷിക്കുന്നു.
ജമീഷയ്ക്ക് കാർ സംഘടിപ്പിച്ച് നൽകിയത് അൽഉമ്മ നേതാവ് ബാഷയുടെ സഹോദരനായ നവാബ് ഖാന്റെ മകൻ ദൽഹയാണെന്ന് കണ്ടെത്തിയിരുന്നു. ഈ കാർ പത്തുതവണ കൈമറിഞ്ഞാണ് പ്രതികളുടെ കൈവശമെത്തിയത്. 1998ലെ കോയമ്പത്തൂർ സ്‌ഫോടനം ആസൂത്രണം ചെയ്തത് അൽ ഉമ്മയായതിനാലാണ് അതിലേക്കുകൂടി അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.
കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറെന്ന് കരുതുന്ന രണ്ടെണ്ണത്തിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. ആഘാതത്തിൽ കാർ രണ്ടായി പിളർന്നു. കാറിൽ ആണികളും ലോഡ് ചെയ്തിരുന്നു. കൂടുതൽ ആളപായം ഉണ്ടാക്കാനായിരുന്നു ഇത്. ജമീഷയുടെ വീട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടർ പോലുള്ള വസ്തു കാറിലേക്ക് കയറ്റുന്നതിന്റെ സി.സി ടിവി ദൃശ്യം പുറത്തുവന്നിരുന്നു. റെയ്ഡിൽ പഴയ തുണികൾ ശേഖരിച്ച് വിൽക്കുന്ന ജമീഷയുടെ വീട്ടിൽനിന്ന് പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ തുടങ്ങിയവ കണ്ടെത്തി.
അന്വേഷണം കേരളത്തിലേക്കും
പ്രതികളിൽ ചിലർ കേരളത്തിലെത്തിയിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ഇവിടേക്കുകൂടി വ്യാപിപ്പിക്കുമെന്ന് കോയമ്പത്തൂർ പൊലീസ് നേരത്തേ പറഞ്ഞിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ വച്ചും പ്രതികളുടെ യാത്രാരേഖകൾ പരിശോധിച്ചുമാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്.