pooja-bhatt

ഹൈദരാബാദ്: രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് സിനിമാതാരവും നിർമാതാവുമായ പൂജ ഭട്ട്. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന ആദ്യത്തെ ബോളിവുഡ് സെലിബ്രിറ്റിയാണ് പ്രശസ്ത സിനിമാ സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളായ പൂജ ഭട്ട്. ഹൈദരാബാദിലെ ബാലനഗറിൽ എം ജി ബി ബജാജ് ഷോറൂമിന് സമീപത്തുനിന്നാണ് ഇന്ന് യാത്ര ആരംഭിച്ചത്. രാഹുലിനൊപ്പം വേഗത്തിൽ നടന്ന താരത്തെ മറ്റ് യാത്രികർ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

സമൂഹമാദ്ധ്യമങ്ങളിലൂടെ പലവിഷയങ്ങളിലും പൂജ ഭട്ട് അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ഡാഡി എന്ന ചിത്രത്തിലൂടെ 1989ലാണ് പൂജ ഭട്ട് സിനിമാമേഖലയിലേയ്ക്ക് എത്തിയത്. 'ദിൽ ഹേ കി മാൻതാ നഹീ', 'സഡക്ക്', 'ഫിർ തേരി കഹാനി യാദ് ആയി' തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 'തമന്ന', 'സുർ', 'പാപ്', 'ഹോളിഡേ' എന്നീ സിനിമകൾ സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്തു.

അതേസമയം, ഭാരത് ജോഡോ യാത്ര 56ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് സെപ്തംബർ ഏഴിനാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. പിന്നാലെ കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൂടെയും യാത്ര കടന്നുപോയിരുന്നു. കഴിഞ്ഞയാഴ്ചയാണ് തെലങ്കാനയിൽ യാത്രയ്ക്ക് തുടക്കമായത്.

കേരളത്തിലെ യാത്രയ്ക്ക് ഇടയിലെന്ന പോലെ തെലങ്കാനയിലും ഇടയ്ക്കിടെ രാഹുൽ ചില കുസൃതികൾ ഒപ്പിച്ചിരുന്നു. മുതിർന്ന നേതാക്കളെയും, സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുപോലെ കുഴയ്ക്കുന്നതാണ് ഇവ. അതിവേഗ നടത്തം പെട്ടെന്ന് ഗിയർ മാറ്റി ഓട്ടത്തിലേക്ക് വഴിമാറുന്നതാണ് ഇതിലൊന്ന്. യാത്ര തെലങ്കാനയുടെ മണ്ണിൽ പ്രവേശിച്ചതും നടത്തം ഓട്ടത്തിന് വഴിമാറിയിരുന്നു. യാത്രയ്ക്കിടയിലും തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും, മറ്റുള്ളവർക്ക് ഈ പാഠം പകർന്നു നൽകുന്നതിനും രാഹുൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പുഷ് അപ്പ് അടക്കമുള്ള വ്യായാമ പ്രവർത്തികൾ ഇതിന്റെ ഭാഗമാണ്. യാത്രയ്ക്കിടെ സമൂഹത്തിന്റെ നാനാ വിഭാഗത്തിലുള്ളവരുമായി രാഹുൽ കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ആരാധനാലയങ്ങളിൽ പ്രാർത്ഥനയ്ക്കും അദ്ദേഹം സമയം കണ്ടെത്തുന്നു. യാത്രയുടെ മുഖ്യ ആകർഷണമായ രാഹുലിനെ ഒരു നോക്കു കാണുന്നതിനായി ആയിരങ്ങളാണ് എത്തിച്ചേരുന്നത്.