rice-

അരിയുടെ വില ഇപ്പോൾ കേരളം ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. കിലോയ്ക്ക് അറുപതും കഴിഞ്ഞ് ജയ അരി മുന്നേറുമ്പോൾ വെള്ള അരി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഉണ്ടാവുന്ന ദോഷങ്ങളെ കുറിച്ചാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. വെള്ള അരി സ്ഥിരമായി കഴിച്ചാൽ അത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

വെളുത്ത അരിയിൽ തവിടിന്റെ അംശം കുറയുന്നതാണ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വെള്ള അരി ആഹാരമാക്കുന്നവരുണ്ട്. അമിതമായി അരി കഴിക്കുന്ന ആളുകൾക്ക് ഹൃദ്രോഗം വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് ഹൃദ്രോഗ വിദഗ്ദ്ധർ പറയുന്നു. പ്രത്യേകിച്ച് മധുര പ്രിയർക്ക് ഒട്ടും നന്നല്ല വെള്ള അരി. ഇതു രണ്ടും ചേരുമ്പോൾ ഹൃദയാരോഗ്യത്തെ അത് സാരമായി ബാധിക്കും. വളരെയധികം ശുദ്ധീകരിച്ച ധാന്യങ്ങൾ കഴിക്കുന്നത് കൊറോണറി ആർട്ടറി ഡിസീസിന് കാരണമാവും, അനാരോഗ്യകരമായ പഞ്ചസാരയും മധുരപലഹാരങ്ങളിൽ കാണപ്പെടുന്ന എണ്ണകളും ഇതിനൊപ്പം ദോഷകരമാണെന്ന് കാർഡിയോളജിസ്റ്റായ ഡോ. അങ്കുർ ഫതർപേക്കർ പറയുന്നു.

ധാന്യങ്ങൾ കഴിക്കുന്നത് ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുമെങ്കിലും, ശുദ്ധീകരിച്ച ധാന്യങ്ങളുടെ ഉയർന്ന ഉപഭോഗം ഹൃദയ സംബന്ധമായ അസുഖങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് അമേരിക്കൻ കോളേജ് ഒഫ് കാർഡിയോളജിയും അമേരിക്കൻ ഹാർട്ട് അസോസിയേഷനും വെളിപ്പെടുത്തുന്നു. വെള്ള അരി ഉൾപ്പെടെയുള്ള ശുദ്ധീകരിച്ച ധാന്യങ്ങൾ ശരീരത്തിലെത്തുമ്പോൾ അത് വേഗത്തിൽ ദഹിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിലേക്ക് നയിക്കും. ഇത് രക്തക്കുഴലുകൾക്കും ഹൃദയത്തെ നിയന്ത്രിക്കുന്ന ഞരമ്പുകൾക്കും, ധമനിയുടെ ഭിത്തികളിലും കേടുവരുത്തും. വെളുത്ത അരിയുടെ ഉപയോഗം കുറച്ച് പകരം ഫൈബർ അടങ്ങിയ ആഹാരങ്ങൾ ശീലമാക്കുക.