
മുംബയ്: പൊലീസ് സ്റ്റേഷനിൽ എസ്ഐയുടെ കസേരയിൽ ഇരുന്ന് ഇൻസ്റ്റഗ്രാം വീഡിയോ ചിത്രീകരിച്ചയാൾ അറസ്റ്റിൽ. മുംബയ് ഡോംബിവലിയിലെ ബിൽഡറായ സുരേന്ദ്ര പാട്ടീൽ ആണ് അറസ്റ്റിലായത്. ഒരു കേസിലെ പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാൾ വീഡിയോ ചിത്രീകരിച്ചത്. എസ്ഐയുടെ കസേരയിൽ ഇരുന്നുള്ള ഇൻസ്റ്റഗ്രാം വീഡിയോ വൈറലായിരുന്നു.
25 ലക്ഷം രൂപ തന്നാൽ കോടികൾ ആകാശത്ത് നിന്ന് പെയ്യുമെന്ന് പറഞ്ഞ് സുരേന്ദ്ര പാട്ടീലിന്റെ കൈയിൽ നിന്നും ചിലർ പണം തട്ടിയെടുത്തിരുന്നു. തുടർന്ന് ഇയാൾ നൽകിയ പരാതിയിൽ പൊലീസ് പ്രതികളെ പിടികൂടി. ഈ പണം തിരികെ വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പാട്ടീൽ വീഡിയോ ചിത്രീകരിച്ചത്. ഇൻസ്റ്റഗ്രാമിൽ നിരന്തരം വീഡിയോ പങ്കുവയ്ക്കുന്ന ഇയാൾ എസ്ഐയുടെ കസേര ഒഴിഞ്ഞു കിടക്കുന്നത് കണ്ട് അതിൽ കയറിയിരുന്ന് വീഡിയോ എടുത്തത്.
ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായതോടെ പൊലീസ് രംഗത്തെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ തോക്കുമായുള്ള മറ്റൊരു വീഡിയോ കൂടി പൊലീസ് കണ്ടെത്തി. ഇയാളുടെ ബെൻസ് കാർ പരിശോധിച്ചപ്പോൾ അതിൽ നിന്ന് വാളും കണ്ടെത്തി. ഇതോടെ ആയുധങ്ങൾ കൈവശം വച്ചെന്ന കേസുമായി. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനും വൈദ്യുതി മോഷണം നടത്തിയതിനും ഉൾപ്പെടെ ഏഴ് കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്.