greeshma

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും ചാനലുകളിലുമൊക്കെ ഷാരോൺ വധവുമായി ബന്ധപ്പെട്ട വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മറ്റൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കാൻ വേണ്ടിയാണ് കാമുകിയായ ഗ്രീഷ്മ ഷാരോണിനെ വകവരുത്തിയത്.

കൈവശമുണ്ടായിരുന്ന തന്റെ സ്വകാര്യ ചിത്രങ്ങൾ ഷാരോൺ പ്രതിശ്രുത വരന് നൽകുമോ എന്ന പേടിയാണ് കൊലപാതകത്തിന്റെ പ്രധാന കാരണം. എല്ലാവരും ഗ്രീഷ്മയെ കുറ്റപ്പെടുത്തുന്നതിനിടയിൽ സംഭവത്തിന്റെ മറ്റൊരു തലത്തെക്കുറിച്ച് ഡോക്ടർ സി ജെ ജോൺ പങ്കുവച്ച ഫേസ്‌ബുക്ക്‌ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിൽ ഒരു പെണ്ണ് ആണിനെ തിരസ്കരിച്ചാൽ അവൾ കൊല്ലപ്പെടുന്ന സംഭവങ്ങളും പൊതു ബോധത്തിലുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആൺ പകകളെ കുറിച്ച് ആശങ്കകൾ പെണ്ണുങ്ങൾക്കുണ്ടാകുന്നത് വെറുതെയാണെന്ന് പറയാൻ പറ്റുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഏതൊരു ക്രൈമിലും സമൂഹിക മാനങ്ങളുണ്ട്. കുറ്റവാളിയുടെ പെരുമാറ്റങ്ങളെ സ്വാധീനിക്കുന്ന ചില പൊതു ബോധങ്ങളുമുണ്ട്. പാറശാല കൊലപാതകത്തിൽ പ്രതിയായ കാമുകി ഇന്നൊരു രാക്ഷസിയാണ്. സ്ത്രീപക്ഷം പതിവായി പറയുന്ന മഹിളകൾ പോലും ഇവളുടെ കൊടും ക്രൂരതയിൽ മാത്രം ചർച്ച ഒതുക്കുന്നു. ഇതൊക്കെ അംഗീകരിച്ചു കൊണ്ട്‌ തന്നെ ഇതിന്റെ മറ്റൊരു തലം കാണുവാൻ ശ്രമിക്കുകയാണ്. സ്വകാര്യ ഫോട്ടോകൾ കൈവശമുള്ള പുരുഷനെ തിരസ്കരിച്ചാൽ അയാൾ അത് പിന്നീട് ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കുമെന്ന
പെൺഭീതിയുടെ സാന്നിദ്ധ്യം ഈ ക്രൈമിലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേരളത്തിൽ ഒരു പെണ്ണ് ആണിനെ തിരസ്കരിച്ചാൽ അവൾ കൊല്ലപ്പെടുന്ന സംഭവങ്ങളും പൊതു ബോധത്തിലുണ്ട്. ഇങ്ങനെയൊന്നും പാറശ്ശാലയിലെ പാവം കാമുകൻ ചെയ്യുമെന്ന് തോന്നുന്നില്ല. എന്നാൽ കാലികമായ കാഴ്ചപ്പാടുകൾ അങ്ങനെയല്ലല്ലോ പറയുന്നത്? എല്ലാവരും വിഷം എന്ന് ചൊല്ലുന്ന ഈ പെണ്ണ് ഇത്തരം ആൺ പ്രതികരണങ്ങളെ പേടിച്ചത് മൂലം ചെയ്ത ക്രൂര കൃത്യമാണെങ്കിൽ പോലും ക്രൈം ക്രൈം തന്നെ.

എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ആൺ പകകളെ കുറിച്ച് ആശങ്കകൾ പെണ്ണുങ്ങൾക്കുണ്ടാകുന്നത് വെറുതെയാണെന്ന് പറയാൻ പറ്റുമോ? സ്നേഹം മൂത്ത് സ്വകാര്യ ഫോട്ടോകൾ അയച്ച് കൊടുത്തത് കൊണ്ട് ഉണ്ടായ കുഴപ്പമല്ലേയെന്ന് കുറ്റം പറയാം. എന്നാൽ ആണിന് പ്രണയ സന്ദർഭങ്ങളിലെ സ്വകാര്യ ഫോട്ടോകൾ മൂലം ഇത്തരം പ്രതിസന്ധി അത്ര ഉണ്ടാകുന്നില്ലല്ലോ? വേണ്ടെന്ന് പറഞ്ഞാൽ കൊല്ലാനിറങ്ങുന്ന കാമുകന്മാരുടെ ലിസ്റ്റ് നീളുന്ന കാലത്ത് പെണ്ണിന് പ്രാണ ഭീതി ഉണ്ടാകുന്നതിന് കുറ്റം പറയാൻ പറ്റുമോ? അതിന്‌ കൊല്ലാൻ പദ്ധതിയിടണോയെന്ന് ചോദിക്കാം. സംരക്ഷണം നല്‍കുന്ന സംവിധാനങ്ങളെ ആശ്രയിച്ചു കൂടെയെന്ന് ചോദിക്കാം. ഈ വിവേകം ഇല്ലാത്ത അതി ബുദ്ധിയും ക്രിമിനൽ മനസ്സുമായിരിക്കാം ഈ പെണ്ണിനെ ചതിച്ചത്‌. അത് കൊണ്ട് ഈ സമൂഹത്തിൽ ഇത്തരം സന്ദർഭങ്ങളിൽ പെണ്ണുങ്ങൾക്ക് വരാവുന്ന ഭയങ്ങൾ അപ്രസക്തമാകുന്നുണ്ടോ? ഇതും ചർച്ച ചെയ്യപ്പെടേണ്ട വിഷയമല്ലേ? ജാതീയമായ കാര്യങ്ങളും ജാതകപരമായ വിചാരങ്ങളുമൊക്കെ ഇതിലുണ്ടെന്ന അടക്കം പറച്ചിലുകളും ഉണ്ടാകുന്നുണ്ട്.
ഈ സംഭവത്തിന്റെ വ്യത്യസ്ത തലങ്ങൾ പറയുന്നതിൽ പരിഭവം ഉള്ളവര്‍ക്ക് പൊങ്കാല ഇടാം. നോ പ്രോബ്ലം 🙂നല്ലോരു ചർച്ചയായാൽ ഹാപ്പി.അത് നമ്മളെ തന്നെ നവീകരിക്കും.