xi-png

ബീജിംഗ്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ചൈന തുടർന്നും പിന്തുണയ്ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് നടത്തിയ ബീജിംഗ് സന്ദർശനത്തിനിടെയാണ് ഷീ ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് വിനാശകരമായ വെള്ളപ്പൊക്കം ബാധിക്കുന്നതിനു മുമ്പ് തന്നെ പേയ്മെന്റ് ബാലൻസ് പ്രതിസന്ധിയുമായി പാകിസ്ഥാൻ മല്ലിടുകയായിരുന്നു.ഏകദേശം 30 ബില്യൺ ഡോളർ നഷ്ടം ഇതിലൂടെയുണ്ടായതായാണ് കണക്ക്. പാകിസ്ഥാൻ ചൈനയിൽ നിന്ന് ഏകദേശം 23 ബില്യൺ കടാശ്വാസം തേടുമെന്ന് കണക്കുകൂട്ടുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇരു രാജ്യങ്ങളിലേയും സംരംഭങ്ങളും ധനകാര്യ സ്ഥാപനങ്ങളും അതിർത്തിക്കപ്പുറത്തേക്ക് സുഗമമാക്കുന്നതിനും പാകിസ്ഥാനിൽ ആർ.എം.ബി ക്ലിയറിംഗ് ക്രമീകരണം സ്ഥാപിക്കുന്നതിനായും ചൈനയുടെ സെൻട്രൽ ബാങ്കും നാഷണൽ ബാങ്ക് ഒഫ് പാകിസ്ഥാനും അടുത്തിടെ കരാറിൽ ഒപ്പു വച്ചിരുന്നതായി പീപ്പിൾസ് ബാങ്ക് ഒഫ് ചൈന പറ‌ഞ്ഞു. ചൈനയും പാകിസ്ഥാനും തങ്ങളുടെ സാമ്പത്തിക കെട്ടുറപ്പ് ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകണമെന്നും ഗ്വാദർ കടൽ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ നിർമ്മാണം ത്വരിതപ്പെടുത്തണമെന്നും ഇരുവരും തമ്മിൽ നടന്ന ചർച്ചയിൽ ഷീ പറഞ്ഞു. 65 ബില്യൺ ഡോളറിന്റെ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ (സി.പി.ഇ.സി) ഭാഗമായ ആഴക്കടലിലുള്ള ഗ്വാദർ തുറമുഖം ഉൾപ്പെടെ പാകിസ്ഥാനിലെ പ്രധാന ഖനന, അടിസ്ഥാന സൗകര്യ പദ്ധതികളിൽ ചൈന പങ്കാളിയാണ്. മെയിൻലൈൻ-1(എം.എൽ-1) റെയിൽവേ നവീകരണ പദ്ധതിയും കറാച്ചി സർക്കുലർ റെയിൽവേ പദ്ധതിയും നേരത്തെ നടപ്പാക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഷീ കൂട്ടിച്ചേർത്തു.

പാകിസ്ഥാനിലേക്ക് 160 കിലോമീറ്റർ വേഗതയുള്ള അതിവേഗ റെയിൽവേ ട്രെയിനിനുള്ള സാങ്കേതികവിദ്യ ചൈന കയറ്റുമതി ചെയ്യുമെന്ന് സ്റ്രേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി അറിയിച്ചു. ചൈനയുടെ ദീർഘകാല സഖ്യകക്ഷിയായ പാകിസ്ഥാനിലെ വികസനങ്ങളും പദ്ധതികളും ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ചൈനയുടെ റോഡ്, റെയിൽ,കടൽപാതകൾ തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനുള്ള ഷീസ് ബെൽറ്റ് ആൻഡ് റോഡ് റോഡ് ഇനിഷ്യേറ്റീവിന്റെ(ആർ.ബി.ഐ) ഭാഗമാണ്. ഉയർന്ന ഗുണമേന്മയുള്ള കാർഷിക കയറ്റുമതി രാജ്യത്തേക്ക് വിപുലീകരിക്കാൻ ചൈന പാകിസ്ഥാനെ സ്വാഗതം ചെയ്യുന്നതായും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഇ-കൊമേഴ്സ്,ഫോട്ടോവോൾട്ടെയ്ക്, മറ്റ് പുതിയ ഊർജ്ജ സ്രോതസ്സുകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ തയ്യാറാണെന്നും ഷീ പറഞ്ഞു. ചൈനയിൽ മൂന്നാം തവണയും അധികാരമേറ്റ ശേഷം ഷീയുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ നേതാക്കളിൽ ഒരാളാണ് ഷരീഫ്.