
ന്യൂഡൽഹി : രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ ചേരിയിൽ കഴിയുന്ന മൂവായിരത്തിലധികം കുടുംബങ്ങൾക്ക് അവരുടെ സ്വപ്നം നാളെ പൂവണിയും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഡൽഹിയിലെ കൽക്കാജിയിൽ നിർമിച്ച 3,024 ഫ്ളാറ്റുകളുടെ താക്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൈമാറും. ഇവിടെ ചേരിയിൽ കഴിയുന്നവർ ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ വോട്ട് ബാങ്കാണ്. എന്നാൽ മോദി ഫ്ളാറ്റ് നൽകുന്നതോടെ ഇവിടെ മാറ്റത്തിന്റെ കാറ്റ് വീശുമെന്നാണ് ബി ജെ പി വിലയിരുത്തുന്നത്. ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തൊട്ട് മുൻപായി ഫ്ളാറ്റുകൾ കൈമാറാൻ കേന്ദ്രം തീരുമാനിച്ചതും ഇത് മനസിൽ വച്ചുകൊണ്ടാണ്.
കഴിഞ്ഞ ഒരു വർഷമായി എല്ലാ ക്യാബിനറ്റ് യോഗത്തിലും പാവപ്പെട്ടവർക്കുള്ള ഫ്ളാറ്റുകളുടെ നിർമ്മാണത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പ്രധാനമന്ത്രി മോദി ആരാഞ്ഞിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചേരികൾക്ക് പകരം ഫ്ളാറ്റുകൾ നിർമ്മിക്കുന്ന കാത്പുത്ലി കോളനിയിലെ ജോലികളും അതിവേഗത്തിൽ പൂർത്തിയാവുകയാണ്. മുനിസിപ്പൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായി ഫ്ളാറ്റുകൾ കൈമാറുന്നത് ബി ജെ പി അനുകൂലമാവുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് 'തീർച്ചയായും'എന്ന മറുപടിയാണ് ഡൽഹി ബിജെപി അദ്ധ്യക്ഷൻ ആദേശ് ഗുപ്ത നൽകിയത്. തങ്ങൾ ഇനി അവിടെ വോട്ട് ചോദിക്കാൻ പോകുമ്പോൾ ബിജെപി എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അവർ ഓർക്കുമെന്ന് ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് പ്രതികരിച്ചു.