
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്കിന്റെ നടത്തിപ്പിൽ നിന്നും ജഡ്‌ജിമാർ വിട്ടുനിൽക്കണമെന്ന് ഹൈക്കോടതി. ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കോടതിവിളക്കിന്റെ നടത്തിപ്പിൽ നിന്നും ജുഡീഷ്യൽ ഓഫീസർമാർ വിട്ടുനിൽക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശൂർ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ജില്ലാ ജഡ്‌ജിക്ക് കത്തയച്ചു.
കോടതികൾ ഒരു മതത്തിന്റെ പരിപാടിയിൽ ഭാഗമാകുന്നത് ശരിയല്ല. മതനിരപേക്ഷ സ്ഥാപനം എന്ന നിലയിൽ ഇത് അംഗീകരിക്കാനാവില്ല. നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർ കോടതി വിളക്കിന്റെ നടത്തിപ്പിൽ പങ്കാളികളാകരുതെന്നാണ് കത്തിലെ നിർദേശം. ഇതര മതസ്ഥരായവർക്ക് നിർബന്ധിതമായി ഈ ആഘോഷവുമായി സഹകരിക്കേണ്ടി വരും എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും കത്തിൽ പറയുന്നു.
കോടതി വിളക്കിന്റെ ചരിത്രം
ഗുരുവായൂർ ഏകാദശിക്ക് 30 ദിവസം മുമ്പാണ് വിവിധ വിളക്കുകളുടെ വഴിപാടുകൾ നടക്കുക. ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടിഷ് ഭരണകാലത്ത് വിളക്ക് തുടങ്ങിയത്. കോടതി ജീവനക്കാർ സംയുക്തമായി ചേർന്നാണ് ഇത് നടത്തുന്നത്. പേരിൽ കോടതി ഉണ്ടെന്നല്ലാതെ മറ്റ് ഇടപെടലുകളൊന്നും ഈ ആചാരവുമായി ബന്ധപ്പെട്ടില്ല. പൊലീസ്, പോസ്‌റ്റൽ, ബാങ്ക് ജീവനക്കാരെല്ലാം ഇത്തരത്തിൽ വിളക്ക് വഴിപാടുകൾ ഏകാദശി കാലത്ത് നടത്തിവരുന്നുണ്ട്.