
കൊവിഡിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്ന ആളുകളുടെ എണ്ണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കൊവിഡ് കഴിഞ്ഞ്, ജനജീവിതം പഴയ പടിയാവുമ്പോഴും വിവാഹം ക്ഷണിക്കുന്നത് കുറച്ചാളുകളിൽ നിർത്താൻ ഇന്ത്യൻ കുടുംബം ശ്രദ്ധിക്കുന്നതായാണ് അടുത്തിടെ നടത്തിയ ഒരു സർവെ ഫലം സൂചിപ്പിക്കുന്നത്. രാജ്യത്ത് വിവാഹ മാർക്കറ്റിൽ മിഡ്സ്‌കെയിൽ വിവാഹം പുത്തൻ ട്രെൻഡായി മാറുകയാണ്.
വെഡിംഗ് വയർ ഇന്ത്യ അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം, പ്രതികരിച്ചവരിൽ 43% പേരും 250-500 അതിഥികളുള്ള മിഡ്സ്‌കെയിൽ വിവാഹമാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ ഏകദേശം 14% പേർ വലിയ തോതിലുള്ള വിവാഹങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്. ഒൻപത് ശതമാനം പേർ അടുപ്പമുള്ളവരുടെ ഒത്തുചേരലുകൾ ഇഷ്ടപ്പെടുന്നു. രാജ്യം വിവാഹ സീസണിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായിട്ടാണ് സർവേ നടത്തിയത്.
വിവാഹനിശ്ചയം കഴിഞ്ഞവരും, വിവാഹിതരായവരും, പുതുതായി വിവാഹിതരാവുന്നതുമായ 530ഓളം മില്ലേനിയലുകൾ സർവേയിൽ പങ്കെടുത്തു. ഇവരിൽ എൺപത് ശതമാനവും 25 മുതൽ 30 വയസുള്ളവരാണ്. ഇവരിൽ 83 ശതമാനവും വിവാഹ ചെലവുകൾക്കായി വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇതിൽ 24 ശതമാനം പേരും സ്വന്തം നിലയ്ക്കാണ് ലോണുകൾക്ക് അപേക്ഷിച്ചത്. എന്നാൽ 16 ശതമാനം പേരുടെ കുടുംബാംഗങ്ങളാണ് വിവാഹ ചെലവുകൾ കണ്ടെത്താൻ വായ്പ തേടുന്നത്.
സർവേയിൽ പങ്കെടുത്ത ഇരുപത്തിയൊന്ന് ശതമാനം പേരും വിവാഹത്തിനായി അഞ്ച് മുതൽ പത്ത് ലക്ഷം വരെ പൊടിക്കാൻ തയ്യാറാണ്. വിവാഹത്തിന് നല്ലൊരു തുക ഫോട്ടോഗ്രാഫർമാർ, സംഗീതം, അലങ്കാരം എന്നിവയ്ക്കും ഭക്ഷണത്തിനുമായി ചെലവാകുമെന്നാണ് പകുതിയിലധികവും വിശ്വസിക്കുന്നത്.