alan

കണ്ണൂർ: പാലയാട് ക്യാമ്പസിൽ വിദ്യാർത്ഥികളെ റാഗ് ചെയ്‌തെന്ന പരാതിയിൽ പന്തീരാങ്കാവ് യു എ പി എ കേസിലെ പ്രതിയായ അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് എഫ് ഐ പ്രവർത്തകനായ ഒന്നാം വർഷ എൽ എൽ ബി വിദ്യാർത്ഥി അദിൻ സുബിനെ മർദിച്ചെന്നാണ് അലനെതിരെയുള്ള പരാതി.

അദിൻ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. എസ് എഫ് ഐക്കാരായ എൽ എൽ ബി വിദ്യാർത്ഥികളെ അലന്റെ നേതൃത്വത്തിലുള്ള സംഘം റാഗ് ചെയ്‌തെന്ന് ആരോപണമുണ്ട്. ഇതിനുപിന്നാലെ അലനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

പരാതി വ്യാജമാണെന്നാണ് അലന്റെ പ്രതികരണം. കഴിഞ്ഞ വർഷം എസ് എഫ് ഐക്കാർ റാഗ് ചെയ്‌തെന്നും ഇതിനെതിരെ പ്രതികരിച്ചതിന് പകരം വീട്ടുകയാണ്. തന്റെ ജാമ്യം റദ്ദാക്കാനാണ് ശ്രമമെന്നും അലൻ ആരോപിച്ചു. 2019 നവംബർ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.