js-akhil-

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും എം എൽ എയുമായ ഉമ്മൻചാണ്ടി ചികിത്സയ്ക്കായി വിദേശത്ത് പോകുമെന്ന് അടുത്തിടെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിനൊപ്പമുള്ളവർ ചികിത്സയ്ക്ക് വേണ്ട താത്പര്യം കാണിക്കുന്നില്ലെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരണം നടന്നിരുന്നു. ഇതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ് അഖിൽ ഈ വിഷയത്തിൽ ഫേസ്ബുക്കിൽ പ്രതികരിച്ചിരിക്കുകയാണ്. നിയമസഭാ സീറ്റിനോ പാർലമെന്റ് സീറ്റിനോ വേണ്ടി സ്വന്തം അപ്പന്റെ ചികിത്സ നിഷേധിക്കേണ്ട ഒരു സാഹചര്യം ഈ മകനില്ലെന്ന് പറയുന്ന അഖിൽ ചാണ്ടി ഉമ്മൻ പാർട്ടിക്കുവേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മക്കൾ രാഷ്ട്രീയ സംസ്കാരത്തിനെതിരെ ഏറെ പ്രബുദ്ധതയോട് കൂടി സംസാരിക്കുന്ന കേരള ജനതയുടെ മുന്നിൽ തികച്ചും വ്യത്യസ്തനായി രാഷ്ട്രീയ പ്രവർത്തനരംഗത്ത് മുന്നിൽ നിൽക്കുന്ന ശ്രീ ചാണ്ടി ഉമ്മനെ കുറിച്ച് രണ്ടു വാക്ക് പറയാതിരിക്കാൻ കഴിയില്ല !!!

കഴിഞ്ഞ ദിവസങ്ങളിൽ ഈ ചെറുപ്പക്കാരനെ കുറിച്ച് നവമാധ്യമങ്ങളിൽ വന്ന വാർത്ത ഏറെ വേദനയുണ്ടാക്കി...

കേരള രാഷ്ട്രീയത്തിൽ എക്കാലവും നിത്യവസന്തമായ സാക്ഷാൽ ഉമ്മൻചാണ്ടി സാറിന്റെ മകനാണ് ഈ ചാണ്ടി ഉമ്മൻ. ഒരു നിയമസഭാ സീറ്റിനോ പാർലമെൻറ് സീറ്റിനോ വേണ്ടി സ്വന്തം അപ്പന്റെ ചികിത്സ നിഷേധിക്കേണ്ട ഒരു സാഹചര്യം ഈ മകന് ഉണ്ടാവില്ല കാരണം ഈ മകന്റെ അച്ഛൻ ഒന്ന് വിചാരിച്ചെങ്കിൽ അദ്ദേഹം കൊണ്ടുവന്നു വളർത്തിയ വലുതാക്കി MLA യും MP യും ആക്കിയ ചെറുപ്പക്കാർക്ക് ഒപ്പം തന്നെ നിയമസഭയിലും പാർലമെന്റിലും പ്രിയ നേതാവിന്റെ മകനും ഉണ്ടായേനെ...

യുവജന രാഷ്ട്രീയത്തിൽ കൃത്യമായ ബോധ്യത്തോടുകൂടി സാമൂഹിക പ്രതിബദ്ധതയോട്കൂടി കേരളത്തിന്റെ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെയും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും സംഘടനാ പ്രവർത്തനത്തിന്റെ ആത്മാർത്ഥത തന്റെ പ്രവർത്തന ശൈലികൊണ്ട് പലപ്പോഴായി വരച്ചുകാട്ടിയ വ്യക്തിത്വമാണ് ഏറെ പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ.

ജനങ്ങൾക്കിടയിൽ ഇറങ്ങി നിന്നില്ലെങ്കിൽ തളർച്ച വരുന്ന പ്രിയ നേതാവിന്റെ മകന് ഫുൾ സ്റ്റോപ്പ് ഇല്ലാതെ രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി ഓടി അലഞ്ഞില്ലെങ്കിൽ മനസ്സമാധാനം ഉണ്ടാകില്ല.

കാരണം ഉമ്മൻചാണ്ടിയുടെ ജീനാണ് ചാണ്ടിയുടെ ഹൃദയത്തിലുള്ളത് !!!

ഒരു ചെറുപ്പക്കാരൻ അനുഭവിക്കുന്ന ത്യാഗവും സഹിഷ്ണുതയും അവന്റെ കുറവായി ഒരിക്കലും കാണരുത്. തന്നെ ദ്രോഹിക്കുന്നവരെ പോലും തിരിച്ച് ദ്രോഹിക്കണമെന്ന് ഒരു ചിന്തയില്ലാത്ത ഈ ചെറുപ്പക്കാരനെ വേട്ടയാടുന്നത് ഇനിയും നിർത്തിക്കൂടെ ?

ഇന്ന് അദ്ദേഹം വീണ്ടും ജോഡോ യാത്രയുടെ ഭാഗമായി പോവുകയാണ് വെറുതെ ഇരിക്കാൻ അദ്ദേഹത്തിന്റെ പിതാവ് അനുവദിക്കുന്നില്ല...

തുടങ്ങിവച്ച ദൗത്യം ചികിത്സയ്ക്കുവേണ്ടി ജർമ്മനിയിലേക്ക് പോകുന്ന തലേദിവസം വരെ എങ്കിലും ഏറ്റെടുത്ത് മുന്നോട്ടു പോകണമെന്ന സ്വന്തം അപ്പയുടെ നിർദ്ദേശം ഒന്നുകൊണ്ട് മാത്രം ഈ ചെറുപ്പക്കാരൻ വീണ്ടും നടക്കുകയാണ്...

പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ...

നിങ്ങൾ ആരാണെന്നും,എന്താണെന്നും, നിങ്ങളുടെ ഗുണങ്ങൾ എന്താണെന്നും ഈ കേരളം ഒരിക്കൽ തിരിച്ചറിയും...

ഇത് ഒരു സഹപ്രവർത്തകന്റെ വാക്കുകളാണ്...

270d ജെ.എസ്. അഖിൽ