
കണ്ണൂർ: പത്തോ പന്ത്രണ്ടോ വയസാകുമ്പോൾ വിവാഹം കഴിക്കേണ്ടിവരുന്ന പെൺകുട്ടികളും ദേവപ്രീതിക്കായി ഉറഞ്ഞാടുന്ന യുവതികളും ഇന്നുമുണ്ട് കർണാടകത്തിൽ. അവരെ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ് കേരളത്തിലേക്ക് കുടിയേറേണ്ടിവന്ന ലക്ഷ്മി ബായ് മൺഡൂർ. 14ാം വയസിലായിരുന്നു ലക്ഷ്മിയുടെ വിവാഹം. മുതിർന്നതോടെ തന്റെ നാട്ടിലെ ദുരാചാരങ്ങൾക്കെതിരെ അവൾ പ്രതികരിക്കാൻ തുടങ്ങി. അതോടെ മേലാളന്മാരുടെ കണ്ണിലെ കരടായി.
കർണാടക ബിജാപൂർ സ്വദേശിയാണ് മുപ്പത്തിയഞ്ചുകാരിയായ ലക്ഷ്മി. ബിജാപൂരിലും ഗുൽബർഗ, ബാഗൽ കോട്ട് ജില്ലകളിലുമാണ് ദേവദാസി നൃത്തവും ശൈശവവിവാഹവും ഇന്നും നടക്കുന്നത്. അതിനെതിരെ നിയമയുദ്ധത്തിന് തയ്യാറെടുക്കുന്ന ലക്ഷ്മി കണ്ണൂർ പിലാത്തറയിലെ 'ഹോപ്പ് ' ചാരിറ്റബിൾ ട്രസ്റ്റിൽ പിന്തുണതേടി എത്തുകയായിരുന്നു. ശൈശവ വിവാഹങ്ങൾക്കെതിരെ ചൈൽഡ് ലൈനിലും മറ്റും പരാതി നൽകിയതിനെ തുടർന്ന് വധഭീഷണി നേരിട്ടതോടെയാണ് ഭർത്താവും മക്കളുമായി കണ്ണൂരിലേക്ക് കുടിയേറിയത്. 'സർ, അവിടത്തെ പെൺകുട്ടികളെ എനിക്ക് രക്ഷിക്കണം. അതിനുള്ള സഹായം വേണം. സുപ്രീംകോടതിവരെ പോകാൻ തയ്യാറാണ്. അനാചാരങ്ങൾ ഇല്ലാതാക്കണം"- ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ. എസ്. ജയമോഹനോട് ലക്ഷ്മി ബായ് ഇതു പറയുമ്പോൾ അവരുടെ കണ്ണുകൾ കലങ്ങിയിരുന്നു.
10 വർഷം മുമ്പ് കേരളത്തിലേക്ക് കുടിയേറിയ ശേഷവും നാട്ടിലെ പ്രശ്നങ്ങളിൽ ലക്ഷ്മി ഇടപെട്ടതോടെ ഫോണിലൂടെയും മറ്റുമുള്ള ഭീഷണി ഇവിടെയുമെത്തി. ചൈൽഡ് ലൈനും വിവിധ എൻ.ജി.ഒകളുംവഴി മൂന്നു ശൈശവവിവാഹങ്ങൾ അതിനിടെ ലക്ഷ്മി മുടക്കി. പോരാട്ടം ശക്തമാക്കാനാണ് നിയമവഴി തേടുന്നത്. കൽപ്പണിക്കാരനാണ് ഭർത്താവ് മാലപ്പ. ചൂരലിലെ ഒരു കോഴിഫാമിൽ ലക്ഷ്മിയും ജോലിക്കു പോകുന്നുണ്ട്. മൂത്ത മകന് ബീജാപ്പൂരിൽ തന്നെയാണ് ജോലി. മാത്തിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ഒരു മകളുമുണ്ട്. ഇഗ്നോ ഓപ്പൺ സർവ്വകലാശാലയിൽ നിന്നു എം.എസ്.ഡബ് ള്യൂ വിദൂര കോഴ്സ് ചെയ്തുവരികയാണ് ലക്ഷ്മി.
കർണാടകത്തിൽ നൂറോളം ശൈശവവിവാഹമാണ് ഓരോമാസവും നടക്കുന്നത്. യെല്ലമ്മഗുഡുവിൽ ജനിച്ച പെൺകുട്ടികളെ യെല്ലമ്മ ക്ഷേത്രത്തിലേക്ക് അർപ്പിക്കുന്ന ദുരാചാരം ഇപ്പോഴുമുണ്ട്. ആഘോഷദിനങ്ങളിൽ ധനികർ പെകുട്ടികളുടെ ഉടമസ്ഥാവകാശത്തിനുവേണ്ടി മത്സരിക്കും. 10,000 രൂപയ്ക്കാണ് പലപ്പോഴും കൈമാറ്റം. കിടപ്പിലായ ദേവദാസികളും ഹിജഡകളും ക്ഷേത്ര പരിസരത്ത് എപ്പോഴുമുണ്ടാകും. കഴിഞ്ഞ ജന്മത്തിലെ പാപഫലമാണ് എന്ന് വിശ്വസിച്ചുകരയുന്നവരാണ് ഈ ദേവദാസികൾ.