
കോഴിക്കോട്: പെൻഷൻപ്രായം ഉയർത്താനുള്ള തീരുമാനം മരവിപ്പിക്കേണ്ടിവന്നത് യുവജന പ്രതിഷേധത്തെ പേടിച്ചാണെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ തീരുമാനത്തിൽ വിശ്വാസമില്ലെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ. പെൻഷൻ പ്രായം ഉയർത്തൽ പരിഗണനയിൽ പോലും ഇല്ലെന്ന് പറഞ്ഞവരാണ് ചർച്ച കൂടാതെ പൊതുമേഖലാസ്ഥാപനങ്ങളിൽ നടപ്പാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രസ്താവന മാത്രം ഇറക്കി മാളത്തിലൊളിച്ച ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും യുവജനങ്ങളുടെ വഞ്ചകരാണ്. ഡി.വൈ.എഫ്.ഐയുടെ പാർലമെന്റ് മാർച്ചിന് ട്രെയിൻ കയറിയ യുവ സഖാക്കൾ തിരിച്ചുവന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ തയ്യാറാവണം. പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കമുണ്ടായാൽ ശക്തമായ യുവജനപ്രതിരോധം തീർക്കുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.