
കണ്ണൂർ: വീട്ടുമുറ്റത്തെ കിണറ്റിലേയ്ക്ക് കാർ മറിഞ്ഞ് ഗൃഹനാഥനും മകനും മരിച്ചു. കണ്ണൂർ ആലക്കോട് നെല്ലിക്കുന്നിലാണ് അപകടമുണ്ടായത്. താരാമംഗലത്ത് മാത്തുക്കുട്ടി(58), മകൻ ബിൻസ്(18) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ബിൻസ്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഡ്രൈവിംഗ് പഠിക്കുന്നതിനായി മകൻ ബിൻസ് വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട് ആൾമറ തകർത്ത് കാർ കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു. തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മാനന്തവാടി രൂപത മെത്രാൻ ബിഷപ്പ് അലക്സ് താരാമംഗത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി.