putin

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ആരോഗ്യനില മോശമാണെന്ന വാർത്തകൾ വീണ്ടും പ്രചരിക്കുന്നു. വിചിത്രമായ അടയാളങ്ങളും നിറവും പുടിന്റെ ചില ചിത്രങ്ങളിൽ കാണപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നത്. വിരമിച്ച ബ്രിട്ടീഷ് സൈനികനും ഹൗസ് ഓഫ് ലോർഡ്‌സിലെ അംഗവുമായ റിച്ചാർഡ് ഡനറ്റ് ഒരു പരിപാടിക്കിടെ പുടിന്റെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചത് ശ്രദ്ധനേടുകയാണ്.

പുടിന്റെ കൈകളുടെ മുകൾഭാഗം കറുത്ത നിറത്തിലായിരിക്കുന്നതായി ചില ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നതായി റിച്ചാർഡ് ഡനറ്റ് പറഞ്ഞു. കൂടുതലായി ഇഞ്ചക്ഷനുകൾ എടുക്കുന്നതിന്റെ ഫലമായി കാണപ്പെടുന്നതാണ് ഈ നിറവും അടയാളങ്ങളും. പുടിൻ പുറമേ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നയത്രയും ആരോഗ്യവാനാണോയെന്നത് മനസിലാക്കേണ്ടതുണ്ടെന്നും ഡനറ്റ് പറഞ്ഞു.

കുറച്ച് മാസങ്ങൾക്കുമുമ്പ് പുറത്തുവന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിൽ പുടിൻ ക്യാൻസർ ബാധിതനാണെന്ന് സൂചിപ്പിച്ചിരുന്നു. ഈ വർഷം മാർച്ചിൽ നടന്ന ഒരു വധശ്രമത്തിൽ നിന്ന് പുടിൻ രക്ഷപ്പെട്ടതായും റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിന് പിന്നാലെ പുടിനുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്.