pinarayi-vijayan

തിരുവനന്തപുരം: രാജ്യത്തെ സ‌ർവകലാശാലകൾ സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിടുകയാണെന്നും ഭരണഘടനാ മൂല്യങ്ങളെ തകിടം മറിക്കുന്ന വർഗീയ ശക്തികൾ സർവകലാശാലകളിൽ പിടിമുറുക്കുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ ഇടപെടലിനെതിരെ നടക്കുന്ന ഇടതുമുന്നണി ജനകീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർവകലാശാലകളിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമം നടക്കുന്നു. സർവകലാശാലകളുടെ സ്വയംഭരണാവകാശം തകർക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ചാൻസലർക്ക് യൂണിവേഴ്‌സിറ്റി നിയമത്തിന്റേത് അല്ലാതെ ഭരണഘടനയുടെ സവിശേഷ പരിരക്ഷയില്ല. വിസിക്കെതിരെ യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരമേ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ. ഗവർണർ മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു. ജുഡീഷ്യറിയ്ക്കും മേലെയാണെന്ന് ഭാവിക്കുന്നു. ലജിസ്ലേറ്ററുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിത്. തന്നിലാണ് നാട്ടിലെ സർവാധികാരവും കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കരുതുന്നു. അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കരുതുന്നതുകൊണ്ടാണ് തന്റെ പ്രീതി പിൻവലിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അതൊക്കെ തീരുമാനിക്കാൻ ഒരു മന്ത്രിസഭയും നിയമസഭയുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗവർണർ സമാന്തര സർക്കാരാകാൻ ശ്രമിക്കുന്നു. രാജ്‌ഭവനിൽ പത്രസമ്മേളനം നടത്തുന്നു. മന്ത്രിയെ പിരിച്ചുവിടണമെന്ന് പറയുന്നു. സെനറ്റ് അംഗങ്ങളെയും സിൻഡിക്കേറ്റ് അംഗങ്ങളെയും പുറത്താക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് പൊലീസിന് നിർദേശം നൽകുന്നു. പൊലീസിന് നിർദേശം നൽകാൻ മന്ത്രിസഭയും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുമുണ്ട്. ഇതൊക്കെ താനാണ് ചെയ്യേണ്ടതെന്ന് ആരെങ്കിലും കരുതിയാൽ അത് മനസിലിരുന്നാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ ശ്രമിക്കുന്നു. ഒരു ഘട്ടത്തിൽ ബില്ലുകളിൽ ഒപ്പിടില്ലെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിട്ട് അടുത്ത നിമിഷം പറയുന്നു അത് വായിച്ചിട്ടില്ലെന്ന് പിന്നീട് അത് ഒപ്പിടുകയും ചെയ്തു. ഇത്തരം കാര്യങ്ങൾ ഭരണഘടനാവിരുദ്ധമാണ്. നിയമസഭയുടെ അധികാര-അവകാശങ്ങളോടുള്ള വെല്ലുവിളിയാണിത്. ഓർഡിനൻസുകളും ബില്ലുകളും അനിശ്ചിതമായി വൈകിപ്പിക്കാനുള്ള അധികാരമില്ല. ഗവർണർ ഒപ്പിടുകയല്ലാതെ മറ്റൊരു മാർഗവും ഭരണഘടന തുറന്നുനൽകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.