
അഡ്‌ലെയ്‌ഡ്: മഴമൂലം വിജയലക്ഷ്യം വെട്ടിക്കുറച്ചതോടെ ടി20 ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ കടുത്ത പോരാട്ടം കാഴ്‌ചവച്ച ബംഗ്ളാദേശ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി ഇന്ത്യ. മഴ ഭീഷണിയിൽ 16 ഓവറിൽ 151 റൺസ് വിജയലക്ഷ്യമായി പുന:ക്രമീകരിച്ച മത്സരത്തിൽ ബംഗ്ളാദേശിന് ആറ് വിക്കറ്റ് നഷ്‌ടത്തിൽ നേടാനായത് 145 റൺസാണ്. ഈ വിജയത്തോടെ ഇന്ത്യ സെമി പ്രതീക്ഷകൾ സജീവമാക്കി. 44 പന്തുകളിൽ 64 റൺസ് നേടി പുറത്താകാതെ നിന്ന വിരാട് കൊഹ്‌ലിയാണ് കളിയിലെ കേമൻ.
60 റൺസ് നേടിയ ലിട്ടൺ ദാസും 25 റൺസ് നേടി പുറത്താകാതെ നിന്ന നൂറുൽ ഹസനും 21 റൺസ് നേടിയ നജ്‌മൽ ഹൊസൈനുമാണ് ബംഗ്ളാദേശിനായി മികച്ച പ്രകടനം നടത്തിയത്. മൂന്ന് ഓവറുകളിൽ 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ഹാർദ്ദിക് പാണ്ഡ്യയും നാലോവറിൽ 38 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ഹർഷ്‌ദീപ് സിംഗുമാണ് ഇന്ത്യയ്‌ക്കായി തിളങ്ങിയത്.
151ന്റെ ലക്ഷ്യം പിന്തുടർന്ന ബംഗ്ളാദേശിന്റെ തുടക്കം ഗംഭീരമായിരുന്നു. നജ്‌മുൽ ഹൊസൈനെ ഒരറ്റത്ത് നിർത്തി ലിട്ടൺ ദാസ് ഇന്ത്യൻ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. വെറും 27 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്‌സറുമടങ്ങിയ തകർപ്പൻ ഇന്നിംഗ്‌സായിരുന്നു ലിട്ടന്റെത്. എട്ടാം ഓവറിൽ 68 റൺസ് എന്ന നിലയിൽ നിൽക്കെ രാഹുലിന്റെ മനോഹരമായ ഡയറക്‌ട് ത്രോയിൽ ദാസ് പുറത്തായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യ വിക്കറ്റുകൾ വീഴ്‌ത്തി. ടസ്‌കിൻ അഹമ്മദിനോട് ചേർന്ന് (12 നോട്ടൗട്ട്) നൂറുൽ ഹസനാണ് ബംഗ്ളാദേശിനായി ഒടുവിൽ പൊരുതിയത്. എന്നാൽ അഞ്ച് റൺസ് അകലെ ആ പോരാട്ടം അവസാനിച്ചു.
നേരത്തെ ടോസ് നേടിയ ബംഗ്ളാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. തുടക്കത്തിലെ ഇന്ത്യയ്‌ക്ക് നായകൻ രോഹിത്തിനെ (2) നഷ്‌ടപ്പെട്ടു. എന്നാൽ ഇതുവരെ മുട്ടിക്കളിക്ക് പേരുദോഷം കേട്ട കെ.എൽ രാഹുൽ ഇന്ന് മികച്ച പ്രകടനമാണ് നടത്തിയത്. 31 പന്തിൽ അർദ്ധസെഞ്ചുറി നേടിയ രാഹുൽ തൊട്ടടുത്ത പന്തിൽ പുറത്തായി. പിന്നീട് സൂര്യകുമാർ യാദവ് എത്തി മികച്ച ഫോമിൽ കളി തുടങ്ങി. ഒപ്പം കൊഹ്‌ലിയും ചേർന്നതോടെ ഇന്ത്യൻ സ്‌കോർ നന്നായി മുന്നോട്ട് നീങ്ങി. എന്നാൽ 116ൽ നിൽക്കെ സൂര്യകുമാറും പുറത്തായി. പിന്നീട് വന്ന പാണ്ഡ്യ (5), കാർത്തിക്ക് (5),അക്‌സർ പട്ടേൽ (7) എന്നിവർ വേഗം പുറത്തായി. എന്നാൽ മികച്ച ഫോമിലായ കൊഹ്‌ലി അതിവേഗം സ്‌കോർ ഉയർത്തി ഒപ്പം അവസാന ഓവറിൽ അശ്വിനും (13 നോട്ടൗട്ട്) ചേർന്നതോടെ ഇന്ത്യ ആറിന് 184 എന്ന മികച്ച സ്‌കോർ നേടി. ബംഗ്ളാദേശിനായി യുവ പേസ്ബൗളർ ഹസൻ മെഹ്‌മൂദ് 47 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നായകൻ ഷാക്കിബ് അൽ ഹസൻ നാല് ഓവറിൽ 33 റൺസ് കൊടുത്ത് രണ്ട് വിക്കറ്റ് നേടി.